രാഹുലിന്റെ രണ്ടു പെണ്ണുകാണലും ഒരേദിവസം; ആദ്യം രജിസ്റ്റർ വിവാഹം ചെയ്തത് ഡോക്ടറെ

വിവാഹം കഴിഞ്ഞാലുടൻ ജര്മനിയിലേക്ക് പോകാനായിരുന്നു പദ്ധതി

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുല് നേരത്തെ രജിസ്റ്റര് വിവാഹം ചെയ്ത യുവതിയ്ക്കൊപ്പം ജര്മനിയിലേക്ക് പോകാനായിരുന്നു പദ്ധതിയിട്ടതെന്ന് വിവരം. ഇവര് ഡോക്ടറായിരുന്നു. എന്നാല് മതപരമായ വിവാഹ ചടങ്ങുകള് നിശ്ചയിച്ചതിന് ഒരുമാസം മുമ്പ് ഈ യുവതി വിവാഹത്തില് നിന്ന് പിന്മാറിയെന്നും രാഹുലിന്റെ സഹോദരി പറയുന്നു.

രാഹുലും യുവതിയും ചേർന്നാണ് ഡിവോഴ്സ് പെറ്റീഷന് ഫയല് ചെയ്തത്. ഇതിന്റെ നടപടിക്രമങ്ങള് പൂര്ത്തിയാകുന്നതേയുള്ളു. മാട്രിമോണി സൈറ്റ് വഴിയാണ് ഈ യുവതിയുടെയും പറവൂർ സ്വദേശിയുടെയും കുടുംബങ്ങളുമായി ബന്ധപ്പെട്ടത്. ഒരേ ദിവസമാണ് രണ്ടിടത്തും പെണ്ണ് കാണാന് പോയത്. പിന്നാലെ ആദ്യത്തെ യുവതിയുമായി വിവാഹം തീരുമാനിക്കുകയായിരുന്നു.

പെണ്ണുകാണല് ചടങ്ങിന്റെ അന്ന് പറവൂർ സ്വദേശിയായ യുവതി രാഹുലിന്റെയും സുഹൃത്തുക്കളുടെയും ഫോൺ നമ്പര് വാങ്ങിയിരുന്നു. തീരുമാനിച്ച വിവാഹം മുടങ്ങിയതറിഞ്ഞ് തനിക്ക് വിവാഹം കഴിക്കാന് സമ്മതമാണെന്ന കാര്യം യുവതി സുഹൃത്തുക്കള് വഴി രാഹുലിനെ അറിയിക്കുകയായിരുന്നു. പെണ്കുട്ടി തന്നെ മുന്കയ്യെടുത്താണ് വിവാഹം നടത്തിയത്. ആദ്യത്തെ വിവാഹം നടത്താൻ തീരുമാനിച്ച ദിവസം തന്നെയായിരുന്നു ഈ വിവാഹം. ഒരു ദിവസം മാത്രമാണ് രാഹുൽ ഭാര്യയുമായി വഴക്കിട്ടത്. അന്ന് ഇരുവരും മദ്യപിച്ചിരുന്നെന്നും സഹോദരി പറഞ്ഞു. ഇക്കാര്യം രാഹുലിന്റെ അമ്മയും മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിലല്ല വഴക്കുണ്ടായതും രാഹുൽ യുവതിയെ മർദ്ദിച്ചതും എന്നാണ് അമ്മ പറയുന്നത്. പെൺകുട്ടിയുടെ ഫോൺ ചാറ്റ് പിടികൂടിയതാണ് മർദനത്തിന് കാരണം. സൈബർ സെൽ പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചാൽ കാര്യങ്ങൾ മനസ്സിലാകുമെന്നും രാഹുലിന്റെ അമ്മ പറഞ്ഞു.

രാഹുലിന് ആദ്യം ഒരു വിവാഹം നിശ്ചയിച്ചിരുന്നെന്നും ഇത് മുടങ്ങിപ്പോയെന്നുമാണ് തങ്ങളോട് പറഞ്ഞതെന്നാണ് പറവൂർ സ്വദേശിനിയുടെ കുടുംബം പറയുന്നത്. മകളെ വിവാഹം ചെയ്യാൻ താല്പരയ്മുണ്ടെന്ന് രാഹുൽ ഇങ്ങോട്ട് പറയുകയായിരുന്നു. രാഹുലിന്റെ അമ്മയാണ് ഏറ്റവും ഭീകരി. ഓഫീസിലെ മാനേജർ മകളെ വിളിച്ചപ്പോൾ രാഹുൽ ഫോൺ ബ്ലോക്ക് ചെയ്യിപ്പിച്ചു. സുഹൃത്തുക്കളോടും ബന്ധുക്കളോടും പോലും സംസാരിക്കാൻ അനുവദിച്ചിരുന്നില്ല. രാഹുലിനെയും അമ്മയെയും സഹോദരിയെയും ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യണം. രാഹുൽ രക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ അത് പൊലീസിന്റെ ഒത്താശയോടെയാണ്. ലഹരിമരുന്ന് ഉപയോഗിക്കുന്നയാളാണ് രാഹുൽ എന്നും യുവതിയുടെ കുടുംബം പറയുന്നു.

To advertise here,contact us