മാഞ്ഞാലിയിൽ നിന്ന് പിടികൂടിയ തോക്കുകൾ സ്വർണ്ണക്കടത്തിന് സുരക്ഷ ഒരുക്കാൻ സൂക്ഷിച്ചത്?

2021 ജൂണിൽ സ്വർണ്ണക്കടത്ത്, കവർച്ച, കൊട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള വാഹന ചേസിങ്ങിനിടെ രാമനാട്ടുകരയിൽ വച്ച് അപകടം ഉണ്ടായിരുന്നു. 5 പേരാണ് അന്ന് മരിച്ചത്. തോക്കുകൾ പ്രവർത്തനക്ഷമമാണോ എന്നറിയാൻ ഒരുതവണ വെടിയുതിർത്ത് നോക്കിയതായും റിയാസ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്

കൊച്ചി: എറണാകുളം മാഞ്ഞാലിയിൽ നിന്ന് പിടികൂടിയ തോക്കുകൾ കരിപ്പൂർ വഴിയുള്ള സ്വർണ്ണക്കടത്തിന് സുരക്ഷ ഒരുക്കാൻ വേണ്ടി സൂക്ഷിച്ചതെന്ന് സംശയം. 2021 ജൂണിൽ രാമനാട്ടുകര വാഹനാപകടത്തിന് ഇടയാക്കിയ ചേസിങ്ങിൽ സ്വർണ്ണക്കടത്ത് സംഘങ്ങൾ ഈ തോക്ക് ഉപയോഗിച്ചു എന്നാണ് സംശയം. ചെർപ്പുളശ്ശേരിയിലെ കൊട്ടേഷൻ സംഘാംഗങ്ങളെ പൊലീസ് ഉടൻ ചോദ്യം ചെയ്യും.

കുപ്രസിദ്ധ ഗുണ്ട റിയാസിന്റെ മാഞ്ഞാലിയിലെ വീട്ടിൽ നിന്ന് നാല് തോക്കുകളും 20 വെടിയുണ്ടകളുമാണ് പൊലീസ് പിടികൂടിയത്. തോക്കുകൾ കൈമാറിയത് ഗുണ്ടാത്തലവൻ പെരുമ്പാവൂർ അനസ് ആണെന്നും തോക്കുകൾ മൂന്നു വർഷമായി സൂക്ഷിക്കുന്നുണ്ടെന്നുമാണ് റിയാസിന്റെ മൊഴി. പിടികൂടിയ തോക്കുകൾക്ക് 2021ലെ കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്നാണ് സംശയം. അന്ന് സ്വർണ്ണക്കടത്ത് സംഘത്തിന് സംരക്ഷണം ഒരുക്കിയത് ചെർപ്പുളശ്ശേരിയിലെ കൊട്ടേഷൻ സംഘമാണ്. കാപ്പ ചുമത്തിയതിന് പിന്നാലെ അനസ് ചെർപ്പുളശ്ശേരിയിൽ താമസിച്ചിരുന്നു. സ്വർണ്ണക്കടത്ത് സംഘത്തിന് സുരക്ഷ ഒരുക്കാൻ വേണ്ടിയാണ് അനസ് സംസ്ഥാനത്തിന് പുറത്തുനിന്ന് തോക്കുകൾ എത്തിച്ച് റിയാസിന് കൈമാറിയതെന്നാണ് വിവരം. പൊലീസ്, റിയാസിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് സൂചന ലഭിച്ചത്.

2021 ജൂണിൽ സ്വർണ്ണക്കടത്ത്, കവർച്ച, കൊട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള വാഹന ചേസിങ്ങിനിടെ രാമനാട്ടുകരയിൽ വച്ച് അപകടം ഉണ്ടായിരുന്നു. 5 പേരാണ് അന്ന് മരിച്ചത്. തോക്കുകൾ പ്രവർത്തനക്ഷമമാണോ എന്നറിയാൻ ഒരുതവണ വെടിയുതിർത്ത് നോക്കിയതായും റിയാസ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഫോറൻസിക് പരിശോധനാ റിപ്പോർട്ട് ലഭിച്ചശേഷം ഇക്കാര്യത്തിൽ വ്യക്തത വരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

To advertise here,contact us