മലബാറിലെ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കില് ലീഗ് ശക്തമായ പ്രക്ഷോഭത്തിന്: പി കെ കുഞ്ഞാലിക്കുട്ടി

കുട്ടികളുടെ പ്രശ്നമാണ്, അവരുടെ ഭാവിയുടെ പ്രശ്നമാണ്. അധിക സീറ്റ് അനുവദിച്ചിട്ട് കാര്യമില്ല

മലപ്പുറം: മലബാറിലെ പ്ലസ് വണ് സീറ്റ് പ്രതിസന്ധിയില് പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പ്രതിസന്ധി സര്ക്കാര് അടിയന്തരമായി പരിഹരിച്ചില്ലെങ്കില് മുസ്ലിം ലീഗ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചു. കൊല്ലം കൊറേ ആയി എല്ഡിഎഫ് ഭരണത്തില് വന്നിട്ട്. ഇപ്പോഴും പ്രശ്നം പരിഹരിച്ചിട്ടില്ല. പഴഞ്ചന് വാദം പറഞ്ഞ് ഇരുന്നിട്ട് കാര്യമല്ല. വാദ പ്രതിവാദമല്ല, പരിഹാരമാണ് വേണ്ടത്. വിഷയം ലീഗ് ഏറ്റെടുക്കും, ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. അനവധി സ്ഥാപനങ്ങള് കൊണ്ടുവന്നത് യുഡിഎഫാണ്. കുട്ടികളുടെ പ്രശ്നമാണ്, അവരുടെ ഭാവിയുടെ പ്രശ്നമാണ്. അധിക സീറ്റ് അനുവദിച്ചിട്ട് കാര്യമില്ല. കൃത്യമായ ഇടപെടലാണ് വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി റിപ്പോര്ട്ടറിനോട് പറഞ്ഞു.

മറ്റ് വിഷയങ്ങളിലും അദ്ദേഹം പ്രതികരിച്ചു. അരവിന്ദ് കെജ്രിവാള് തരംഗമായി പ്രതിഫലിക്കും. ഇന്ഡ്യ മുന്നണിക്ക് നല്ല പ്രതീക്ഷയുണ്ടെന്നും അരവിന്ദ് കെജ്രിവാള് തരംഗം ഇന്ഡ്യ മുന്നണിക്ക് മുതല്ക്കൂട്ടാകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി റിപ്പോര്ട്ടറിനോട് പറഞ്ഞു.

കേന്ദ്രമന്ത്രി സ്ഥാനം കിട്ടുമോ എന്നത് ചെറിയ കാര്യമാണ്. അതിനെക്കുറിച്ച് ഇപ്പോള് അഭിപ്രായം പറയുന്നത് തന്നെ മോശമാണ്. ഇന്ഡ്യ മുന്നണി അധികാരത്തില് വരേണ്ടതാണ് പ്രധാനം. ഈ രാജ്യത്ത് നിരവധി പ്രശ്നങ്ങള് ഉണ്ട്. മോദി കേട്ടാല് അറയ്ക്കുന്ന വര്ഗീയത പറയുകയാണ്. മോദി തരംഗം ഇപ്പോള് ഏശുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സമസ്ത ലീഗ് തര്ക്കത്തിലും അദ്ദേഹം പ്രതികരിച്ചു. എല്ലാം പാര്ട്ടിക്ക് അകത്ത് ചര്ച്ച ചെയ്യേണ്ട വിഷയങ്ങളാണ്. സമസ്തയും ലീഗും തമ്മില് ഒരു അഭിപ്രായവ്യത്യാസവും ഇല്ല. ചെറിയത് എന്തെങ്കിലും കിട്ടിയാല് മാധ്യമങ്ങള് പര്വ്വതീകരിക്കുന്നു. വടകരയിലെ പ്രശ്നങ്ങള് സര്വകക്ഷി യോഗത്തിലൂടെ പരിഹരിക്കണമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. സാദിഖലി തങ്ങളാണ് അത് ആദ്യം പറഞ്ഞത്. മുസ്ലിം ലീഗിന്റെ നിലപാട് അതാണ്. തിരഞ്ഞെടുപ്പ് ഫലത്തിന് മുന്പ് അത് പരിഹരിക്കണം. വടകരയില് വേണ്ടത് സൗഹൃദമാണ്. നാദാപുരത്തെ ജനങ്ങളെ ഉപദ്രവിക്കരുത്. നായനാരുടെ കാലത്ത് ഉണ്ടാക്കിയ സമാധാനം തകരരുത്. വടകരയില് ഹരിഹരന്റെ പ്രസ്താവനയില് അദ്ദേഹം തന്നെ ഖേദം പ്രകടിപ്പിച്ചു. കെ കെ രമ അത് തള്ളിപ്പറഞ്ഞതാണ്, അത് അവിടെ തീര്ന്നുവെന്നും അദ്ദേഹം റിപ്പോര്ട്ടറിനോട് കൂട്ടിച്ചേര്ത്തു.

To advertise here,contact us