മലപ്പുറം: മലബാറിലെ പ്ലസ് വണ് സീറ്റ് പ്രതിസന്ധിയില് യുഡിഎഫിനെതിരെ രൂക്ഷ വിമര്ശനവുമായി മുന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്. പ്രൈവറ്റ് രജിസ്ട്രേഷന് വര്ധനവാണ് സീറ്റ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും യുഡിഎഫിന്റെ കാലത്താണ് പ്രൈവറ്റ് രജിസ്ട്രേഷന് വര്ധിപ്പിച്ചതെന്നും കെ ടി ജലീല് വിമര്ശിച്ചു.
അബ്ദുറബ്ബ് മന്ത്രിയായപ്പോള് 25,000 കുട്ടികളാണ് രജിസ്റ്റര് ചെയ്തത്. എല്ഡിഎഫ് സര്ക്കാര് വന്നപ്പോള് പ്രൈവറ്റ് രജിസ്ട്രേഷന് പകുതിയായി കുറഞ്ഞു. എല്ഡിഎഫ് സര്ക്കാര് അധിക ബാച്ചുകള് അനുവദിച്ചു. വിദ്യാഭ്യാസ വകുപ്പ് ഏറ്റവും കാലം കൈകാര്യം ചെയ്ത മുസ്ലിം ലീഗിന് പ്രശ്നം പരിഹരിക്കാന് സാധിച്ചില്ല. തെക്ക് ഭാഗത്ത് നിന്ന് കുട്ടികളില്ലാത്ത സീറ്റുകള് മലബാറിലോട്ട് മാറ്റിയത് എല്ഡിഎഫാണ്. അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായപ്പോള് തെക്കിലും, വടക്കിലും ഒരുപോലെ നല്കി. സാമൂഹിക സന്തുലിതാവസ്ഥ വേണമെന്ന് അന്ന് കോണ്ഗ്രസ് പറഞ്ഞു. 189 ഹയര് സെക്കന്ററി സ്കൂളുകള് മലബാറില് മാത്രം അനുവദിച്ചത് എം എ ബേബി മന്ത്രി ആയപ്പോള് ആയിരുന്നുവെന്നും കെ ടി ജലീല് പറഞ്ഞു.
കത്തിയും കഴുത്തും ലീഗിന്റെ കയ്യിലിരുന്ന കാലത്തും ഇവര്ക്ക് അതൊരു പ്രശ്നം അല്ലായിരുന്നു. 1967 ല് ഏറ്റവും കൂടുതല് സര്ക്കാര് സ്കൂളുകള് മലപ്പുറത്ത് കൊണ്ടുവന്നത് ഇഎംഎസ് സര്ക്കാറാണ്. പി ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്താണ് മലബാറിനോട് ഏറ്റവും വലിയ അനീതി ഉണ്ടായത്. യുഡിഎഫിലെത്തിയ പി ജെ ജോസഫിനെക്കൊണ്ട് മാപ്പ് പറയിപ്പിക്കാന് പോലും ലീഗിന് സാധിച്ചില്ലെന്നും കെ ടി ജലീല് കൂട്ടിച്ചേര്ത്തു.