കോഴിക്കോട്: വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരെ ലൈംഗികാധിക്ഷേപ പരാമർശവുമായി ആർഎംപി നേതാവ് കെ എസ് ഹരിഹരൻ. ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?, മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാകുമെന്നായിരുന്നു ഹരിഹരന്റെ പരാമർശം.
വടകരയിൽ സിപിഐഎം വർഗീയതക്കെതിരെ യുഡിഎഫ് - ആർഎംപി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ പരാമർശം. വീഡിയോ ഉണ്ടാക്കിയതിൽ പി മോഹനന്റെ മകൻ നികിതാസ് ജൂലിയസിന് പങ്കുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട്ടെ സിപിഐഎമ്മിന്റെ സൈബർ ലോകത്തെ നിയന്ത്രിക്കുന്നതും പി വി അൻവറിന്റെ പ്രധാനപ്പെട്ടയാളും നികിതാസല്ലെ എന്നും ഹരിഹരൻ ചോദിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ വിവാദങ്ങൾ ഒഴിയാത്ത മണ്ഡലമായിരുന്നു വടകര. ഇടത്, വലത് മുന്നണികൾ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചും വിവാദങ്ങൾക്ക് തിരികൊളുത്തിയുമായിരുന്നു പ്രചാരണം മുന്നോട്ട് പോയത്. ഇതിനിടയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടെ തനിക്ക് നേരെ സൈബർ ആക്രമണം നടക്കുന്നുവെന്ന് കെ കെ ശൈലജ ആരോപിച്ചിരുന്നു. ശൈലജയുടെ പോൺ ദൃശ്യങ്ങൾ വ്യാജമായുണ്ടാക്കി പ്രചരിപ്പിച്ചുവെന്ന ആരോപണവും വടകയിൽ നിന്ന് ഉയർന്നിരുന്നു.