നേതാക്കളുമായി കൂടിക്കാഴ്ച്ച പതിവ്, തെറ്റില്ല; ഉമര്ഫൈസി-ജയരാജന് കൂടിക്കാഴ്ച്ചയില് ജിഫ്രി തങ്ങള്

കഴിഞ്ഞ ദിവസം കോഴിക്കോട് ഉമര്ഫൈസിയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച്ച നടന്നത്.

കോഴിക്കോട്: സമസ്ത നേതാവ് ഉമര് ഫൈസി മുക്കം സിപിഐഎം കണ്ണൂര് ജില്ലാ സെക്രട്ടറി എം വി ജയരാജനുമായി നടത്തിയ കൂടിക്കാഴ്ച്ചയില് തെറ്റില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്. നേതാക്കളുമായി കൂടിക്കാഴ്ച്ച പതിവാണെന്നും അതില് തെറ്റില്ലെന്നും ജിഫ്രി തങ്ങള് കോഴിക്കോട് പറഞ്ഞു.

'ജയരാജന് പലയിടത്തും കൂടിക്കാഴ്ച്ച നടത്തുന്നില്ലേ. നേതാക്കളുമായി കൂടിക്കാഴ്ച്ച പതിവാണ്. മതസൗഹാര്ദം പോലെ മനുഷ്യരുടെ സ്വഭാവവും അതാണല്ലോ. സമസ്ത-ലീഗ് ബന്ധത്തില് വിള്ളലില്ല.' എന്നായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം.

കഴിഞ്ഞ ദിവസം കോഴിക്കോട് ഉമര്ഫൈസിയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. വൈകിട്ട് 6.30 ഓടെ വീട്ടിലെത്തിയ ജയരാജനുമായി 20 മിനിറ്റോളം കൂടിക്കാഴ്ച്ച നീണ്ടു. പലരും വന്നുപോകും എന്ന് മാത്രമാണ് ഉമര്ഫൈസി മുക്കം കൂടിക്കാഴ്ച്ചയില് പ്രതികരിച്ചത്.

To advertise here,contact us