കണ്ണൂർ: ജാവദേക്കർ കൂടിക്കാഴ്ച വിവാദത്തിൽ ഇ പി ജയരാജനെ പാർട്ടി സംരക്ഷിച്ചത് പിണറായി വിജയനെയും അഴിമതി നിറഞ്ഞ സിപിഐഎമ്മിനെയും രക്ഷിക്കാനാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജയരാജനെതിരെ നടപടിയുണ്ടാവില്ലെന്ന് ആദ്യം മുതൽ താൻ പറഞ്ഞതല്ലേ എന്ന് ചോദിച്ച സുധാകരൻ അഴിമതിയുടെ കൊട്ടാരം കാത്തുസൂക്ഷിക്കുന്ന പ്രധാന കക്ഷിയാണ് ഇപിയെന്നും അദ്ദേഹത്തെ തൊട്ടാൽ കൊട്ടാരം മൊത്തം കത്തുമെന്നും ആരോപിച്ചു. അതുകൊണ്ട് ജയരാജനെ നോവിക്കാനോ അലോസരപ്പെടുത്താനോ സിപിഐഎം നേതൃത്വം ഒന്നും ചെയ്യില്ലെന്നും കെ സുധാകരൻ പറഞ്ഞു.
സെഞ്ച്വറി അടിച്ച പ്ലെയറെപ്പോലെ അല്ലേ ഇപി സിപിഐഎം സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ് ഇറങ്ങിപ്പോയതെന്ന് സുധാകരൻ ചോദിച്ചു. ഇപിക്കെതിരെ നടപടിയെടുത്താൽ പിണറായി വിജയൻ അടക്കം അകത്ത് പോകേണ്ടി വരും. പിണറായി വിജയനെ സംരക്ഷിക്കാനാണ് സിപിഐഎം ഇപിക്കെതിരെ നടപടിയെടുക്കാതിരുന്നതെന്നും പിണറായിയെ രക്ഷിക്കാനല്ലെങ്കിൽ പിന്നെ എന്തിന് ജയരാജൻ എല്ലാം മറച്ചുവെക്കണമെന്നും സുധാകരൻ ചോദിച്ചു.
നേതാവിനോട് ആത്മാർത്ഥതയുണ്ടെങ്കിൽ ഇപി മാറി നിൽക്കണമായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. ആരോപണം ഉന്നയിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നാണ് സിപിഐഎം ജയരാജന് നൽകിയ ഉപദേശം. ചെയ്തതും പോരാ കട്ടതും പോരാ എന്നിട്ട് അത് പറഞ്ഞ ആളുകൾക്കെതിരെ കേസ് കൊടുക്കണം എന്നാണ് പാർട്ടി നൽകിയ ഉപദേശം അതിന്റെ സന്തോഷമാണ് ഇന്നലെ കണ്ടതെന്നും സുധാകരൻ പരിഹസിച്ചു.
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതില് തെറ്റില്ല; പാര്ട്ടി നിലപാട് ആയുധമാക്കാന് പ്രതിപക്ഷം