തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കം തുടരുന്നതിനിടെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി കോണ്ഗ്രസ്. മേയർ ആര്യരാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയ്ക്കും എതിരെ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. കെപിസിസി സെക്രട്ടറി അഡ്വ. സി ആർ പ്രാണകുമാറാണ് പരാതി നല്കിയത്.
കെഎസ്ആർടിസി ബസ് തടഞ്ഞ് യാത്രക്കാരുടെ യാത്ര തടസ്സപ്പെടുത്തിയെന്നാണ് ആക്ഷേപം. മേയറുടെയും ഭർത്താവിന്റെയും നടപടി സുഗമമായി യാത്ര ചെയ്യാനുളള അവകാശത്തിന്റെ ലംഘനമാണ്. ഇരുവരുടെയും നടപടി തെറ്റായ സന്ദേശം നല്കുമെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ നഗരസഭയ്ക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. നഗരസഭയ്ക്ക് മുന്നിലൂടെ പോകുന്ന കെഎസ്ആർടിസി ബസ്സുകളിൽ മേയർക്കെതിരായ പോസ്റ്ററുകൾ പതിച്ചാണ് പ്രതിഷേധം. മേയറുണ്ട് ഓവർ ടേക്കിങ് സൂക്ഷിക്കുക എന്ന പോസ്റ്ററാണ് ബസ്സിന് മുന്നിൽ പതിക്കുന്നത്. ഒപ്പം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡ്രൈവർമാർക്ക് ഉപദേശവും നൽകി.
മേയറും കുടുംബവും യാത്ര ചെയ്യുന്ന വാഹനം കണ്ടാൽ വണ്ടി ഒതുക്കിയിട്ട് അവർക്ക് പോകാൻ അവസരം നൽകുക, ഓവർ ടേക്ക് ചെയ്യരുത്, മേയറും കുടുംബവും സമാധാനത്തോടെ സഞ്ചരിക്കട്ടെ, അത്തരമൊരു സാഹചര്യമുണ്ടായാൽ തന്നെ ശമ്പളം ചോദിക്കരുത് എന്നുമാണ് യൂത്ത് കോൺഗ്രസ്സുകാർ നൽകുന്ന ഉപദേശം.
'മേയറുണ്ട് സൂക്ഷിക്കുക'; കെഎസ്ആർടിസി ബസുകളിൽ ആര്യാ രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ച് യൂത്ത് കോൺഗ്രസ്
മേയറെ പൂർണമായും പരിഹസിച്ചുകൊണ്ടുള്ളതാണ് യൂത്ത് കോൺഗ്രസിന്റെ പ്രതീകാത്മക സമരം. മേയർക്കെതിരെ ഡ്രൈവർ നൽകിയ പരാതിയിൽ കേസെടുക്കാത്തതിൽ അതിശക്തമായ സമരം നടത്തുമെന്നും മേയറും ഭർത്താവും നടത്തുന്ന റോഡ് ഷോ പ്രതിരോധിക്കുമെന്നും ഡ്രൈവർ യദുവിന് നീതി കിട്ടും വരെ പോരാടുമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. ഒരു പാവം ചെറുപ്പക്കാരനെതിരെ മേയർ ലൈംഗികാതിക്രമമടക്കമുള്ള കളവാണ് പറയുന്നതെന്നും ഇവർ ആരോപിച്ചു.