ബിജെപി മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നു; അനുരാഗ് ഠാക്കൂറിനെതിരെ യെച്ചൂരി

അനുരാഗ് ഠാക്കൂറിനെതിരെ കർശനമായി നടപടി എടുത്തില്ലെങ്കിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ കഴിവിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെടുമെന്നും യെച്ചൂരി പറഞ്ഞു.

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് ഠാക്കൂറിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അനുരാഗ് ഠാക്കൂറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചുവെന്ന് യെച്ചൂരി പറഞ്ഞു. അനുരാഗ് ഠാക്കൂറിനെതിരെ കർശനമായി നടപടി എടുത്തില്ലെങ്കിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ കഴിവിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെടുമെന്നും യെച്ചൂരി പറഞ്ഞു.

ബിജെപിയുടെ കൂടുതൽ നേതാക്കൾ ഇപ്പോൾ മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷം വളർത്താൻ ശ്രമിക്കുകയാണ്. മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളും അവർ ഉപയോഗിക്കുന്നുണ്ട്. അനുരാഗ് ഠാക്കൂറും അവരുടെ നേതാവായ നരേന്ദ്ര മോദിയുടെ പാത തന്നെയാണ് പിന്തുടരുന്നതെന്നും സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

അനുരാഗ് ഠാക്കൂറിന്റെ വിദ്വേഷ പ്രസംഗം മാധ്യമങ്ങൾ പ്രാധാന്യം നൽകി റിപ്പോർട്ട് ചെയ്തിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ നടപടിയെടുത്തില്ലയെന്നും വിസമ്മതിച്ചതിൽ ഖേദമുണ്ടെന്നും യെച്ചൂരി ആരോപിച്ചു.

To advertise here,contact us