പത്തനംതിട്ടയില്പോളിങ് ശതമാനത്തിൽ ഇടിവ്, നെഞ്ചിടിപ്പിലും വിജയപ്രതീക്ഷ കൈവിടാതെ മുന്നണികൾ

പോളിങ് ശതമാനം കുറഞ്ഞത് ദോഷകരമായി ബാധിക്കില്ല എന്ന വിലയിരുത്തലിലാണ് മുന്നണികൾ

പത്തനംതിട്ട: പത്തനംതിട്ടയില് ഇക്കുറി ആൻ്റോ ആൻ്റണിയോ തോമസ് ഐസക്കോ അനിൽ ആൻ്റണിയോ. മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്. പോളിങ് ശതമാനത്തിൽ 2019 നെ അപേക്ഷിച്ച് വൻ ഇടിവ് സംഭവിച്ചെങ്കിലും ദോഷകരമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് മുന്നണികൾ. പത്തനംതിട്ടയിൽ പോളിങ് ശതമാനം 2019 ലെ 74.24 ൽ നിന്ന് 61.49 ലേക്കാണ് കൂപ്പ് കുത്തിയത്. ഇതോടെ മുന്നണികൾക്ക് നെഞ്ചിടിപ്പായി.

2019 ൽ ശബരിമല വിഷയം കത്തി നിന്നപ്പോഴാണ് ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയത്. ഇക്കുറി ആ സാഹചര്യമല്ല മണ്ഡലത്തിൽ ഉണ്ടായിരുന്നത്. കിഫ്ബി , ക്ഷേമ പെൻഷൻ, കേന്ദ്ര സംസ്ഥാന സർക്കാർ നയങ്ങൾ, വികസന പ്രവർത്തനങ്ങൾ, വിലക്കയറ്റം, റബ്ബർ വിലയിടിവ് തുടങ്ങയവയെല്ലാം ചർച്ചയായി. പോളിങ് ശതമാനം 70 ന് മുകളിൽ എത്തുമെന്ന് തന്നെയായിരുന്നു മുന്നണികളുടെ പ്രതീക്ഷ. 65 ൽ താഴെ പോകുമെന്ന് മുന്നണികൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പോളിങ് ശതമാനം കുറഞ്ഞത് ദോഷകരമായി ബാധിക്കില്ല എന്ന വിലയിരുത്തലിലാണ് മുന്നണികൾ.

യുഡിഎഫിന് എത്ര, എല്ഡിഎഫിന് എത്ര, ബിജെപി അക്കൗണ്ട് തുറക്കുമോ?; കൂട്ടിയും കിഴിച്ചും മുന്നണികള്

എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണി പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ടുകൾ പിടിച്ചാൽ യുഡിഎഫിന് അത് ക്ഷീണമാകും. ക്രൈസ്തവ സഭകൾ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ആൻ്റോ ആൻ്റണിയെ പിന്തുണച്ചിരുന്നു. ഇക്കുറി അനിൽ ആൻ്റണിക്ക് കൂടുതൽ ക്രൈസ്തവ വിഭാഗ വോട്ടുകൾ കിട്ടുകയാണെങ്കിൽ യുഡിഎഫിന് അത് ക്ഷീണവും എൽഡിഎഫിന് അത് നേട്ടവുമാകും. പൂഞ്ഞാർ കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ ക്രൈസ്തവ വോട്ടുകൾ ഇക്കുറി തങ്ങൾക്കാണെന്ന് ഇടത് പക്ഷം കണക്ക് കൂട്ടുന്നു.

റാന്നിയിലും ക്രൈസ്തവ വിഭാഗത്തിൻ്റെ വോട്ട് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. പോളിങ് ശതമാനം കുറഞ്ഞാലും ഇക്കുറിയും വിജയിച്ച് കയറാം എന്ന് തന്നെയാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമായിരുന്ന കേരള കോൺഗ്രസ് എം ഇപ്രാവശ്യം കൂടെയുള്ളത് ഇടത് മുന്നണിക്ക് ആത്മവിശ്വാസം നൽകുന്നു. ലോക്സഭാ മണ്ഡലത്തിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നത് കേരള കോൺഗ്രസ് എം എംഎൽഎ മാരാണ്. ഇതും എൽഡിഎഫ് അനുകൂല ഘടകമാകുന്നു. ബിജെപി ക്ക് സ്വാധീനമുള്ള അടൂർ, പന്തളം, ആറൻമുള പ്രദേശങ്ങളിൽ വലിയ മുന്നേറ്റം നടത്താനായാട്ടില്ലെന്ന് എൻഡിഎ നേതൃത്വം വിലയിരുത്തുന്നു.

To advertise here,contact us