തിരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതം, മിനിമം താക്കീതെങ്കിലും മോദിക്ക് നൽകണം; ശശി തരൂർ

വംശീയ പരാമർശം നടത്തുന്ന മോദിക്കും അമിത് ഷാക്കുമെതിരെ നടപടിയില്ലെന്നും കമ്മീഷന്റെ നടപടികൾ കോൺഗ്രസിനെതിരെ മാത്രമാണെന്നും ശശി തരൂർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതമെന്ന് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർത്ഥി ശശിതരൂർ. വംശീയ പരാമർശം നടത്തുന്ന മോദിക്കും അമിത് ഷാക്കുമെതിരെ നടപടിയില്ലെന്നും കമ്മീഷന്റെ നടപടികൾ കോൺഗ്രസിനെതിരെ മാത്രമാണെന്നും ശശി തരൂർ പറഞ്ഞു. രാജസ്ഥാനിലെ പ്രസംഗവുമായി ബന്ധപ്പെട്ട് മോദിക്കെതിരെ കമ്മീഷൻ നടപടി എടുക്കുന്നില്ല. മിനിമം താക്കീതെങ്കിലും നൽകാൻ കമ്മീഷൻ തയ്യാറാകണമെന്നും റിപ്പോർട്ടർ അശ്വമേധത്തിൽ ശശി തരൂർ പറഞ്ഞു.

അതേസമയം മുസ്ലിം വിഭാഗത്തിനെതിരായ വിവാദ പരാമർശത്തിൽ പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നതിനിടയിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് നരേന്ദ്രമോദി. തന്റെ പ്രസംഗം കോൺഗ്രസിനും ഇൻഡ്യ മുന്നണിക്കുമുള്ളിൽ ഭയം ഉണ്ടാക്കിയെന്നാണ് മോദിയുടെ പ്രതികരണം.

'കഴിഞ്ഞ ദിവസം രാജസ്ഥാനിൽ പോയ സമയം, എന്റെ 90 സെക്കന്റ് മാത്രം നീണ്ടുനിന്ന പ്രസംഗത്തിൽ രാജ്യത്തിന് മുന്നിൽ ചില യാഥാർത്ഥ്യങ്ങൾ പറഞ്ഞു. ഇത് ഇൻഡ്യ മുന്നണിക്കും കോൺഗ്രസിനുമുള്ളിൽ ഭയം വളർത്തിയിരിക്കുന്നു. നിങ്ങളുടെ സാമ്പാദ്യം കവർന്നെടുത്ത് പ്രത്യേക വിഭാഗത്തിന് നൽകുകയാണ് കോൺഗ്രസ് എന്ന സത്യമാണ് ഞാൻ രാജ്യത്തിന് മുന്നിൽ കൊണ്ടുവന്നത്. അവരുടെ വോട്ട് ബാങ്ക്, പ്രീണന രാഷ്ട്രീയത്തെ ഞാൻ തുറന്നുകാട്ടി. എന്തിനാണ് കോൺഗ്രസ് സത്യത്തെ ഭയക്കുന്നത്?' മോദി ചോദിച്ചു. 2014 ന് ശേഷം കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്നും മോദി പറഞ്ഞു.

To advertise here,contact us