രാഹുൽ ഗാന്ധിക്കെതിരായ പരാമർശം; പി വി അൻവറിനെതിരെ പരാതി

ഐപിസി 153,504 വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

പാലക്കാട്: രാഹുൽ ഗാന്ധിയ്ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പി വി അൻവർ എംഎൽഎയ്ക്കെതിരെ പൊലീസിൽ പരാതി. ഡിസിസി ജനറൽ സെക്രട്ടറി പിആർ സുരേഷ് ആണ് പരാതി നൽകിയത്. മണ്ണാർക്കാട് ഡിവൈഎസ്പിക്കാണ് സുരേഷ് പരാതി നൽകിയത്. രാഹുൽ ഗാന്ധിയുടെ പിതൃത്വത്തെ ചോദ്യം ചെയ്തെന്നും തേജോവധം ചെയ്തെന്നുമാണ് പരാതി. ഐപിസി 153,504 വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

അതേസമയം രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് പി വി അൻവർ വ്യക്തമാക്കി. താൻ പൊളിറ്റിക്കൽ ഡിഎൻഎ എന്നാണ് ഉദ്ദേശിച്ചത്. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പാരമ്പര്യത്തിൻ്റെ ഡിഎൻഎ പരിശോധിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് അൻവർ ആവർത്തിച്ചു. ഇന്ഡ്യ മുന്നണിയിൽ നിന്നൊരു വ്യക്തി കേരളത്തിൽ വന്നിട്ട് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ചോദിക്കുന്നു. അത് രാഷ്ട്രീയ പാപ്പരത്തമെന്നും അൻവർ കുറ്റപ്പെടുത്തി.

ബയോളജിക്കൽ ഡിഎൻഎ എന്ന് പറഞ്ഞ് കോൺഗ്രസ് നേതൃത്വം തന്നെയാണ് തരംതാണ ചർച്ചയിലേക്ക് കാര്യങ്ങൾ കൊണ്ടുപോയത്. രാഹുലിൻ്റെ ബയോളജിക്കൽ ഡിഎൻഎയെ കുറിച്ച് ഞങ്ങൾക്കൊരു സംശയവുമില്ല. കോൺഗ്രസുകാർക്ക് ഉണ്ടോയെന്ന് അവർ പറയണ്ടതാണെന്നും പി വി അൻവർ പരിഹസിച്ചു.

ഡിഎന്എ പരിശോധിച്ച് രാഹുലിൻ്റെ പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു പി വി അന്വറിന്റെ പരാമര്ശം. ഗാന്ധി എന്ന പേര് ഒപ്പം ചേര്ത്ത് പറയാന് അര്ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല് ഗാന്ധി എന്നും പി വി അന്വര് പറഞ്ഞിരുന്നു. 'നെഹ്റു കുടുംബത്തില് ഇങ്ങനെയൊരു മനുഷ്യന് ഉണ്ടാവുമോ? നെഹ്റു കുടുംബത്തിന്റെ ജനറ്റിക്സില് ജനിച്ച ഒരാള്ക്ക് അങ്ങനെ പറയാന് കഴിയുമോ? എനിക്ക് ആ കാര്യത്തില് നല്ല സംശയമുണ്ട്. രാഹുല് ഗാന്ധിയുടെ ഡിഎന്എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്' എന്നായിരുന്നു പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കണ്വെന്ഷനില് സംസാരിക്കുമ്പോൾ അൻവർ പറഞ്ഞത്. രാഹുല് ഗാന്ധി മോദിയുടെ ഏജന്റ് ആണോയെന്ന് സംശയിക്കണമെന്നും അൻവർ പറഞ്ഞിരുന്നു. കെ സി വേണുഗോപാൽ എന്ന ഏഴാം കൂലിയുടെ കയ്യിലാണ് കോണ്ഗ്രസിനെ ഏല്പ്പിച്ചിരിക്കുന്നതെന്നും പി വി അന്വര് പരിഹസിച്ചിരുന്നു.

To advertise here,contact us