പി വി അൻവർ വാ പോയ കോടാലി, കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി: വി ഡി സതീശൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ പൂർണ്ണമായും ആത്മവിശ്വാസത്തിലാണ് യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ പൂർണ്ണമായും ആത്മവിശ്വാസത്തിലാണ് യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 20 ൽ 20 സീറ്റും ലഭിക്കും. പി വി അൻവറിൻ്റേത് മോശമായ പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ വിമർശനം നിലവാരമില്ലാത്തതാണ്. മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണിതെന്നും വി ഡി സതീശൻ ആരോപിച്ചു.

'പിണറായി വിജയൻ പി വി അൻവറിനെ കൊണ്ട് പറയിപ്പിക്കുന്നതാണ്. പി വി അൻവർ വാ പോയ കോടാലി ആണ്. പി വി അൻവറിനെ പിണറായി വിജയൻ ആയുധമായി ഉപയോഗിക്കുകയാണ്', വി ഡി സതീശൻ പറഞ്ഞു.വാക്കത്തിയോടോ കോടാലിയോടോ ആരും ഫൈറ്റ് ചെയ്യില്ല.ഇത് ഉപയോഗിക്കുന്ന ആൾക്കെതിരെയാണ് ഫൈറ്റ് ചെയ്യുകയെന്നും വി ഡി സതീശൻ പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാനുള്ള അർഹതയില്ല എന്നായിരുന്നു പി വി അൻവർ പറഞ്ഞത്. പ്രതിപക്ഷ നേതാക്കളെ രാജ്യവ്യാപകമായി ഇ ഡി വേട്ടയാടുമ്പോഴാണ് മുഖ്യമന്ത്രിയെ ഇ ഡി അറസ്റ്റ് ചെയ്യാത്തതിൽ രാഹുൽ ഗാന്ധി അസ്വസ്ഥനാകുന്നതെന്നും അൻവർ ചൂണ്ടിക്കാണിച്ചു.

കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വി ഡി സതീശൻ പരിഹസിച്ചു. 'ബിജെപിയെ സുഖിപ്പിച്ച് കേസുകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. മോദിയെയും ബിജെപിയും സന്തോഷിപ്പിക്കാൻ ആണ് പിണറായി വിജയൻ ശ്രമിക്കുന്നത്. ബിജെപി അധികാരം നിലനിർത്താൻ വേണ്ടി വിദ്വേഷത്തിന്റെ വിത്തുകൾ പാകുന്നു.കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി ബിജെപിക്ക് ഇടം ഒരുക്കി കൊടുക്കുന്നു', വി ഡി സതീശൻ പറഞ്ഞു.

വടകരയിലെ അശ്ലീല വീഡിയോ പൊലീസോ മാധ്യമങ്ങളോ കണ്ടിട്ടില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. വീഡിയോ അല്ല പോസ്റ്റർ ആണെന്ന് ഇപ്പോൾ പറയുന്നു. വടകരയിലെ സ്ഥാനാർത്ഥിയുടെ പി ആർ ഏജൻസി ഇനി പോസ്റ്റർ ഉണ്ടാക്കണം.ചീറ്റിപ്പോയ പടക്കമാണ് വടകരയിലെ വിവാദമെന്ന് വി ഡി സതീശൻ ആരോപിച്ചു. ചീറ്റിപ്പോയ പടക്കം എടുത്തു നിൽക്കുന്ന കുട്ടിയുടെ അവസ്ഥയാണ് മുഖ്യമന്ത്രിയുടേത്.തിരഞ്ഞെടുപ്പ് കേരള ഭരണത്തിന്റെ വിലയിരുത്തൽ ആണെന്ന് പറയാൻ ധൈര്യമുണ്ടോ മുഖ്യമന്ത്രിക്കെന്നും വി ഡി സതീശൻ ചോദിച്ചു.

ലൈംഗിക അതിക്രമത്തില് ജനിച്ച കുട്ടികളുടെ ഡിഎന്എ പരിശോധന; കര്ശന മാര്ഗ്ഗനിർദ്ദേശവുമായി ഹൈക്കോടതി

സിപിഐഎമ്മിന് ഇന്ത്യ മുന്നണിയേക്കാൾ നല്ലത് എൻഡിഎ ആണ്. സിപിഐഎം ഒരു സീറ്റിൽ പോലും വിജയിക്കില്ല.സംസ്ഥാന പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം തിരുവനന്തപുരം ലത്തീൻ രൂപതയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത്.വിഴിഞ്ഞത്ത് സമരം നടത്തിയവരെ അർബൻ നക്സലുകൾ എന്നാണ് സർക്കാരും സിപിഐഎമ്മും വിശേഷിപ്പിച്ചത്.വയനാട്ടിൽ കഴിഞ്ഞ തവണ ലീഗിന്റെ പതാക വിവാദമാക്കിയത് മോദിയാണ്. ഇത്തവണ പതാക വിവാദമാക്കിയത് പിണറായി വിജയനാണെന്നും വി ഡി സതീശൻ ആരോപിച്ചു.

തൃശ്ശൂർ പൂരം വിഷയത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. തൃശൂർ പൂരത്തിന് സിറ്റി പൊലീസ് കമ്മീഷണർ അഴിഞ്ഞാടിയത് മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്നായിരുന്നു വി ഡി സതീശൻ്റെ ചോദ്യം. 'ഇത് നാടകമാണ്.വർഗീയമാക്കി ബിജെപിക്ക് അവസരം ഉണ്ടാക്കി കൊടുക്കുകയായിരുന്നു ലക്ഷ്യം. കസവ് കെട്ടിയ പേടിത്തൊണ്ടനാണ് മുഖ്യമന്ത്രി' വി ഡി സതീശൻ പറഞ്ഞു.

To advertise here,contact us