കവര്ച്ചയ്ക്ക് പിന്നില് ഒന്നിലധികം ആളുകള്, കൃത്യമായ ആസൂത്രണം; അന്വേഷണം വ്യാപകമാക്കി പൊലീസ്

വീടിനകത്ത് ലോക്കറില് സൂക്ഷിച്ച 2 കോടിയോളം രൂപ വില വരുന്ന 350 പവനോളം സ്വര്ണ്ണമാണ് നഷ്ടമായത്.

മലപ്പുറം: പൊന്നാനിയില് പ്രവാസിയുടെ വീട് കുത്തി തുറന്ന് 350 പവൻ സ്വർണം കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കവർച്ച നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടതിനാൽ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഒന്നിലധികം ആളുകള് ചേർന്നാകാം കവർച്ച നടത്തിയതെന്നും കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നുമാണ് പൊലീസ് നിഗമനം. അടുത്ത കാലത്ത് ജയിലിൽ നിന്ന് ഇറങ്ങിയവരുടെ ഉൾപ്പടെ പട്ടിക പൊലീസ് ശേഖരിക്കുന്നുണ്ട്. തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയിലേക്ക് എത്താനുള്ള കൂടുതൽ തെളിവുകളൊന്നും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.

പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപത്തെ മണൽതറയിൽ രാജീവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. രാജീവും കുടുംബവും വിദേശത്താണ്. ശനിയാഴ്ച വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവർച്ച നടന്ന വിവരം മനസിലാക്കിയത്. വീടിന്റെ പുറകുവശത്തെ ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ വീടിനുള്ളിൽ കടന്നത്. വിവരം ജോലിക്കാരിയാണ് വീട്ടുകാരെ അറിയിച്ചത്. രാജീവ് ഇന്നലെ തന്നെ നാട്ടിലെത്തി.

അബ്ദു റഹീമിന്റെ മോചനത്തിനായുള്ള നടപടികള് ഇന്ന് തുടങ്ങും; രണ്ട് ദിവസത്തിനകം തുക കൈമാറാന് ലക്ഷ്യം

രണ്ട് ആഴ്ച മുമ്പാണ് നാട്ടില് വന്ന് രാജീവ് തിരിച്ച് പോയത്. മോഷണം നടന്ന വീട്ടിൽ റൂമുകളും അലമാരകളും തുറന്നിട്ട നിലയില് കണ്ടെത്തി. വീടിനകത്ത് ലോക്കറില് സൂക്ഷിച്ച 2 കോടിയോളം രൂപ വില വരുന്ന 350 പവനോളം സ്വര്ണ്ണമാണ് നഷ്ടമായത്. മലപ്പുറം എസ്പി, തിരൂര് ഡിവൈഎസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

പെരുമ്പടപ്പിൽ നടന്ന മോഷണങ്ങൾക്ക് പിന്നിലും സമാന സംഘമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പുരാതന വിഗ്രഹങ്ങളും 70 പവൻ സ്വർണവുമായിരുന്നു പെരുമ്പടപ്പിൽ മോഷണം പോയത്.

To advertise here,contact us