സിഎംആർഎൽ കേസ് കോടതി അന്വേഷിക്കുമോ? മാത്യു കുഴൽനാടന്റെ ഹർജിയിൽ ഇന്ന് വിധി

മാസപ്പടി വിവാദം കോടതി നേരിട്ട് അന്വേഷിക്കണമെന്നാണ് കുഴൽനാടന്റെ ആവശ്യം

തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക്സ് വിവാദ സാമ്പത്തിക ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് വിധി പറയും. മാസപ്പടി വിവാദം കോടതി നേരിട്ട് അന്വേഷിക്കണമെന്നാണ് കുഴൽനാടന്റെ ആവശ്യം. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടാണ് കുഴൽനാടൻ ആദ്യം കോടതിയെ സമീപിച്ചത്.

പ്രസ്തുത ഹർജി വിധി പറയാനായി കഴിഞ്ഞയാഴ്ച്ച പരിഗണിച്ചപ്പോൾ, വിജിലൻസ് അന്വേഷണം വേണ്ടെന്നും കോടതി നേരിട്ട് അന്വേഷിക്കണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെടുകയായിരുന്നു. തെളിവുകൾ കോടതിക്ക് നേരിട്ട് കൈമാറാമെന്നും മാത്യു കുഴൽനാടൻ തിരുവനന്തപുരം വിജിലൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്. മാസപ്പടിയിൽ അന്വേഷണം വേണമോ, വേണമെങ്കിൽ അത് കോടതി നേരിട്ടുള്ള അന്വേഷണമാണോ അതോ വിജിലൻസ് അന്വേഷണമാണോ എന്നതിലാണ് ഇന്ന് കോടതി തീരുമാനം പ്രഖ്യാപിക്കുക.

To advertise here,contact us