വി മുരളീധരന്റെ പ്രചാരണ ജാഥയിലേക്ക് കടന്നുകയറി അസഭ്യവര്ഷവും ഭീഷണിയും; പൊലീസില് പരാതി നല്കി

മൂന്നംഗ സംഘം സ്ഥാനാര്ത്ഥിക്കെതിരെ ഭീഷണിയും അസഭ്യവര്ഷവും മുഴക്കിയെന്നും ആരോപണം

തിരുവനന്തപുരം: ആറ്റിങ്ങല് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്ത്ഥി വി മുരളീധരന്റെ പ്രചാരണ ജാഥയിലേക്ക് മൂന്നംഗ സംഘം കടന്നുകയറി ഭീഷണിപ്പെടുത്തിയതായി പരാതി. പകല്ക്കുറിയിലാണ് സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണ യാത്ര ഇവിടേക്ക് എത്തിയപ്പോള് ബൈക്കിലെത്തിയ മൂന്നംഗ സംഘം ജാഥയിലേക്ക് കടന്നുകയറിയെന്നാണ് പരാതി.

പിന്നാലെ മൂന്നംഗ സംഘം സ്ഥാനാര്ത്ഥിക്കെതിരെ ഭീഷണിയും അസഭ്യവര്ഷവും മുഴക്കിയെന്നും ആരോപണം ഉയരുന്നുണ്ട്. ബൈക്കിലെത്തിയ മൂന്ന് പേരുടെ ദൃശ്യങ്ങള് ബിജെപി പ്രവര്ത്തകര് പകര്ത്തിയിരുന്നു. ഇത് പള്ളിച്ചല് പൊലീസിന് കൈമാറി. പിന്നില് സിപിഐഎം എന്നാണ് ബിജെപി ആരോപിക്കുന്നത്.

സംഭവത്തെത്തുടര്ന്ന് അരമണിക്കൂറോളം പര്യടനം നിര്ത്തിവെച്ചു. പള്ളിക്കല് പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് പര്യടനം തുടര്ന്നത്. കേന്ദ്രമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനും പൊലീസില് വിവരം അറിയിച്ചിട്ടുണ്ട്. കല്ലറക്കോണം ജംഗ്ഷനിലും അക്രമസംഘം സംഘര്ഷത്തിന് ശ്രമിച്ചു. സിപിഐഎം കൊടി വീശിയാണ് കല്ലറക്കോണത്ത് സംഘര്ഷത്തിന് ശ്രമിച്ചതെന്ന് ബിജെപി ആരോപിക്കുന്നു.

To advertise here,contact us