അനിൽ ആൻ്റണി 'മരപ്പാഴ്': രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കി

അയാൾക്ക് ഇന്ന് കോൺഗ്രസ് കാലഹരണപ്പെട്ടു പോയി എന്ന് തോന്നുന്നുണ്ടെങ്കിൽ അത് തിന്നത് എല്ലിൽ കയറിയിട്ടാണെന്നും അബിൻ വർക്കി വിമർശിച്ചു

കൊച്ചി: അനിൽ ആന്റണിയെ 'മരപ്പാഴ്' എന്ന് വിളിച്ച് യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കി. കോൺഗ്രസിനെതിരെ പറയുന്നത് തിന്നത് എല്ലിൽ കുത്തുന്നത് കൊണ്ടാണെന്നും അബിൻ ഫേസ്ബുക്കിലൂടെ വിമർശിച്ചു. അനിൽ ആന്റണിയുടെ തടി ലക്ഷക്കണക്കിന് കോൺഗ്രസുകാരുടെ ചോരയും നീരും കൊണ്ടുണ്ടാക്കിയതാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനിൽ ആന്റണി പണ്ട് ക്ലിഫ് ഹൗസിലെ കുളിർമയിൽ കിടന്ന് രാവിലെ എഴുന്നേറ്റ് കോളേജിൽ പോയപ്പോ ആയിരക്കണക്കിന് കെ എസ് യുക്കാർ 'ആന്റണി, വയലാർ ഉമ്മൻ ചാണ്ടി' എന്ന് വിളിച്ച് കോളേജിൽ രാഷ്ട്രീയ എതിരാളികളുടെ അടി കൊള്ളുകയായിരുന്നുവെന്നും അബിൻ കുറിച്ചു. അയാൾക്ക് ഇന്ന് കോൺഗ്രസ് കാലഹരണപ്പെട്ടു പോയി എന്ന് തോന്നുന്നുണ്ടെങ്കിൽ അത് തിന്നത് എല്ലിൽ കയറിയിട്ടാണെന്നും അബിൻ വർക്കി വിമർശിച്ചു.

അബിൻ വർക്കിയുടെ ഫേസ്ബുക്ക് കുറിപ്പ്

അനിൽ ആന്റണിയുടെ എ.കെ ആന്റണിക്കെതിരായിട്ടുള്ള പ്രസ്താവനയെ വൈകാരികമായി തന്നെ മറുപടി പറയേണ്ടതാണ്. പക്ഷെ അതിനകത്തേക്ക് പോകുന്നില്ല.

അനിൽ ആന്റണി പണ്ട് ക്ലിഫ് ഹൗസിലെ കുളിർമയിൽ കിടന്ന് രാവിലെ എഴുന്നേറ്റ് കോളേജിൽ പോയപ്പോ ആയിരക്കണക്കിന് കെ എസ് യുക്കാർ ആന്റണി, വയലാർ ഉമ്മൻ ചാണ്ടി എന്ന് വിളിച്ച് കോളേജിൽ രാഷ്ട്രീയ എതിരാളികളുടെ അടി കൊള്ളുകയായിരുന്നു, സമരം ചെയ്ത് ജയിലിൽ ആയിരുന്നു. അതിന് ശേഷം ഡൽഹിയിലെ ജന്തർ മന്ദിർ റോഡിലെ കോൺഗ്രസ് നേതാവിന് കൊടുത്ത മന്ത്രി മന്ദിരത്തിൽ ഇവൻ പട്ടാള സുരക്ഷയിൽ ഇവന്റെ അഞ്ചര അടി ശരീരം വിശ്രമിച്ചതും അവിടത്തെ ഭക്ഷണം കഴിച്ച് സുഖലോലുപമായി ജീവിച്ചതും ഞങ്ങൾ കോൺഗ്രസുകാരുടെ ശ്രമഫലമായിട്ടാണ്.

അത് കൊണ്ട് തന്നെ എ.കെ ആന്റണിയുടെ മതം കോൺഗ്രസ് ആണെങ്കിൽ മകന്റെ മജ്ജയും,മാംസവും കോൺഗ്രസിന്റെയാണ് ഇവന്റെ തടി ലക്ഷകണക്കിന് കോൺഗ്രസുകാരുടെ ചോരയും നീരിലും ഉണ്ടാക്കിയതാണ്. അയാൾക്ക് ഇന്ന് കോൺഗ്രസ് കാലഹരണപ്പെട്ടു പോയി എന്ന് തോന്നുന്നുണ്ടെങ്കിൽ അത് തിന്നത് എല്ലിൽ കയറിയിട്ടാണ്. പിന്നെ 2019ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകണം എന്ന് എ കെ ആന്റണി പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് പ്രചരണം കൊടുക്കാൻ ഏൽപ്പിച്ചത് അനിൽ ആന്റണിയെ പോലുള്ള ' മരപാഴുകളെയാണ് ' എന്നത് ഓർത്താൽ മതി. അത് കൊണ്ട് പാർട്ടിയുടെ സകലഗുണവും ആസ്വദിച്ച് ഇന്ന് ബി ജെ പി യുടെ അടുക്കളയിൽ നിന്ന് ഇട്ട് കൊടുത്ത എല്ലിൻ കഷണം കണ്ടിട്ട് ഞങ്ങളെ ചതിച്ചവൻ കൂടുതൽ വർത്തമാനം പറഞ്ഞാൽ അവനോട് കൂടുതൽ പ്രതികരിക്കേണ്ടി വരും..

To advertise here,contact us