'പ്രളയകാലത്തെ രക്ഷകൻ'; കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണം തട്ടിയെടുക്കൽ കേസിൽ അറസ്റ്റിൽ

പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിനിടെ ഗർഭിണിക്കു തോണിയിൽ കയറാൻ ചുമൽ കുനിച്ചുനൽകുന്ന വിഡിയോ പ്രചരിക്കപ്പെട്ടതിനെ തുടർന്ന് ശ്രദ്ധേയനായ ആളാണ് ജൈസൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം തട്ടിയെടുക്കൽ കേസിൽ പിടിയിലായ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങി കരിപ്പൂർ പൊലീസ്. പരപ്പനങ്ങാടി ആവിൽ ബീച്ച് സ്വദേശി കെ പി ജൈസലിനെ (39) ആണ് അറസ്റ്റിലായത്. മാർച്ച് 12ന് കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണം തട്ടിയെടുക്കൽ കേസിലെ പ്രതിയാണ് ജൈസൽ. പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിനിടെ ഗർഭിണിക്കു തോണിയിൽ കയറാൻ ചുമൽ കുനിച്ചുനൽകുന്ന വിഡിയോ പ്രചരിക്കപ്പെട്ടതിനെ തുടർന്ന് ശ്രദ്ധേയനായ ആളാണ് ജൈസൽ.

കഴിഞ്ഞ ദിവസം തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കിയ ശേഷം ജൈസലിനെ മഞ്ചേരി കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ ജൈസലിനെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങിയ ജൈസലിനെ തിരുവനന്തപുരത്തെ ജയിലിലേക്കുതന്നെ കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

കൊല്ലത്ത് ഒരു കേസിൽ പിടിയിലായ പ്രതി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ കഴിയുന്നതിനിടയിലാണ് സ്വർണക്കടത്ത് കേസിലെ തെളിവെടുപ്പിനായി കരിപ്പൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കേസിൽ എട്ട് പ്രതികളാണുണ്ടായിരുന്നത്. അതിൽ മൂന്ന് പേർ സംഭവ ദിവസം തന്നെ അറസ്റ്റിലായിരുന്നു. പിടിയിലായവരെ ചോദ്യം ചെയ്തതിലൂടെയാണ് ജൈസലിനെ കുറിച്ചുള്ള വിവരം ലഭിച്ചത്.

To advertise here,contact us