ബിജെപിയിൽ പോവില്ല; ആവർത്തിച്ച് ചാണ്ടി ഉമ്മൻ

ഇതുകൊണ്ടൊന്നും പിണറായി സർക്കാരിനെതിരായ വികാരം മറച്ച് വെക്കാനാവില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു

കോട്ടയം: ബിജെപിയിലേക്ക് പോവില്ലെന്ന് ആവർത്തിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. അത്തരത്തിലുള്ള പ്രചരണത്തിന് മറുപടി കൊടുക്കാനാണ് തൻ്റെ അമ്മയടക്കമുള്ളവർ രംഗത്തിറങ്ങിയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കേരളം മൊത്തം ഇതിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ പ്രചാരണത്തിന് പോലും വരാത്ത അമ്മ ഇപ്പോഴിറങ്ങാനുള്ള കാരണവും അതു തന്നെയാണ്. ഇതുകൊണ്ടൊന്നും പിണറായി സർക്കാരിനെതിരായ വികാരം മറച്ച് വെക്കാനാവില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

തുണ്ടം കണ്ടിച്ച് ഇട്ടാല് പോലും മൂന്നു മക്കളും ബിജെപിയിലേക്ക് പോകില്ലെന്ന് ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ പ്രതികരിച്ചിരുന്നു. മക്കള് പാര്ട്ടി വിടുമെന്ന പ്രചരണം നടക്കുമ്പോള് അങ്ങനെ അല്ലെന്ന് തെളിയിക്കണം. അനില് ആന്റണിയും പത്മജയും ബിജെപിയിലേക്ക് പോയത് വിഷമിപ്പിച്ചു. അനില് ആന്റണി പോയതാണ് കൂടുതല് വിഷമിപ്പിച്ചത്, എന്ന് കരുതി അവരോട് വിരോധമൊന്നുമില്ലെന്നും മറിയാമ്മ പറഞ്ഞു.

വീട്ടില് നിന്ന് രാഷ്ട്രീയത്തിലേക്ക് ചാണ്ടി ഉമ്മന് മാത്രം മതിയെന്ന് ഉമ്മന് ചാണ്ടി തന്നെയാണ് പറഞ്ഞത്. ചാണ്ടി ഉമ്മന് രാഷ്ട്രീയത്തില് സജീവമായിരുന്നു. എങ്കിലും അര്ഹിക്കുന്ന പദവികള് പോലും ചാണ്ടിക്ക് ഉമ്മന് ചാണ്ടി നല്കിയിരുന്നില്ല. അച്ചു ഉമ്മനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നും മറിയാമ്മ പറഞ്ഞു.

To advertise here,contact us