സ്ഥാനക്കയറ്റത്തിന് വ്യാജ സര്ട്ടിഫിക്കറ്റ്, നടപടിയില്ല;ജിഎസ്ടി വകുപ്പ് ഇന്സ്പെക്ടര്ക്കെതിരെ പരാതി

ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോര്ട്ട് മുഖ്യമന്ത്രിയും ധനമന്ത്രിയും കണ്ടിട്ടും നടപടി എടുക്കാതെ പൂഴ്ത്തിയെന്നും റിപ്പോര്ട്ടര് അന്വേഷണത്തില് വ്യക്തമായി

തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി വകുപ്പിലെ സ്റ്റേറ്റ് ടാക്സ് ഓഫീസര് വ്യാജ ബിരുദ സര്ട്ടിഫിക്കറ്റ് ഹാജരാക്കി ജോലിയില് സ്ഥാനക്കയറ്റം നേടിയെന്ന് പരാതി. ബിരുദ സര്ട്ടിഫിക്കറ്റും വകുപ്പ് തല പരീക്ഷാ സര്ട്ടിഫിക്കറ്റും അന്വേഷണ ഉദ്യോഗസ്ഥര്ക്ക് മുന്നില് ഇതുവരെ ഹാജരാക്കിയിട്ടില്ല. ബിരുദവും വകുപ്പ് തല പരീക്ഷയും പാസായതിന് തെളിവില്ലെന്ന് കണ്ടെത്തിയ ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോര്ട്ട് മുഖ്യമന്ത്രിയും ധനമന്ത്രിയും കണ്ടിട്ടും നടപടി എടുക്കാതെ പൂഴ്ത്തിയെന്നും റിപ്പോര്ട്ടര് അന്വേഷണത്തില് വ്യക്തമായി.

കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ എസ് ബി അനില് ശങ്കര് 20 വര്ഷങ്ങള്ക്ക് മുമ്പാണ് ആശ്രിത നിയമനത്തിലൂടെ ക്ലര്ക്കായി നികുതി വകുപ്പില് ജോലിയില് പ്രവേശിച്ചത്. അടുത്ത സ്ഥാനക്കയറ്റമായ യുഡി ക്ലര്ക്ക് പോസ്റ്റിലേക്ക് മാറണമെങ്കില് പിഎസ്സി നടത്തുന്ന വകുപ്പ് തല പരീക്ഷയായ ജനറല് സെയില്സ് ടാക്സ് ടെസ്റ്റും പാസാവണം. എന്നാല് പാസായ മറ്റ് വകുപ്പുതല പരീക്ഷകളുടെ കൂടെ ഇതും പാസായതായി കാണിച്ച് സ്ഥാനക്കയറ്റം നേടിയെന്നാണ് പരാതിയില് പറയുന്നത്.

യുഡി ക്ലര്ക്ക് ആയ അനില് ശങ്കറിന് അടുത്ത സ്ഥാനക്കയറ്റമായ സെയില് ടാക്സ് ഇന്സ്പെക്ടര് ആകണമെങ്കില് ബിരുദമല്ലെങ്കില് പിഎസ്സി നടത്തുന്ന വകുപ്പ് തല ബുക്ക് കീപ്പിംഗ് അക്കൗണ്ടന്സി പരീക്ഷയാണ് പാസാകേണ്ടിയിരുന്നത്. രണ്ടും പാസാകാത്ത അനില് ശങ്കര് വ്യാജ ബിരുദ സര്ട്ടിഫിക്കറ്റ് ഹാജരാക്കി 2008ല് ഇന്സ്പെക്ടറായി സ്ഥാനക്കയറ്റം നേടിയെന്നാണ് പരാതിയില് ഉള്ളത്. അനില് ശങ്കര് നിലവില് ഓഡിറ്റ് വിങ്ങില് കൊച്ചിയില് ഗസറ്റഡ് ഓഫീസറായി ജോലിയില് തുടരുകയാണ്.

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില് 2020ലാണ് അനിലിനെതിരായ പരാതി എത്തിയത്. തുടര്ന്ന് ജിഎസ്ടി സ്പെഷ്യല് കമ്മീഷണറുടെ നിര്ദേശ പ്രകാരം കൊച്ചിയിലെ ഡെപ്യൂട്ടി കമ്മീഷണര് അന്വേഷിച്ച് റിപ്പോര്ട്ട് നല്കി. ഒരു വര്ഷമെടുത്ത് അന്വേഷണം പുര്ത്തിയാക്കി 2021 ഒക്ടോബര് 21 നാണ് റിപ്പോര്ട്ട് നല്കിയത്. ഒറിജിനല് ബിരുദ സര്ട്ടിഫിക്കറ്റും വകുപ്പ് തല പരീക്ഷാ സര്ട്ടിഫിക്കറ്റും ഹാജരാക്കാന് മൂന്ന് തവണ നോട്ടീസ് നല്കിയിട്ടും ഹാജരാക്കിയില്ലെന്നാണ് അന്തിമ റിപ്പോര്ട്ടില് പറയുന്നത്. ഹാജരാക്കിയ എംജി സര്വകലാശാലയുടെ അറ്റസ്റ്റഡ് കോപ്പിയില് പക്ഷേ മറുപുറത്ത് ഒന്നുമില്ലെന്നും റിപ്പോര്ട്ട് പറയുന്നു.

ബിരുദവും വകുപ്പ് തല പരീക്ഷയും പാസായതിന് തെളിവില്ലെന്നും തുടര്നടപടി വേണമെന്നുമാണ് ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോര്ട്ട്. ഈ റിപ്പോര്ട്ട് മുഖ്യമന്ത്രിയും ധനമന്ത്രിയും കണ്ടു. പക്ഷേ രണ്ടര വര്ഷം കഴിഞ്ഞിട്ടും ഭരണാനുകൂല സംഘടനയിലെ സജീവ പ്രവര്ത്തകനായ ഈ ഗസറ്റഡ് ഓഫീസര്ക്കെതിരെ നടപടി എടുക്കാതെ ഫയല് പൂഴ്ത്തുകയാണ് സര്ക്കാര് ചെയ്യുന്നത്. അതിനിടെ അനില് ശങ്കര് ഹാജരാക്കിയ ബിരുദ സര്ട്ടിഫിക്കറ്റ് എംജി സര്വകലാശാല കൊടുത്തിട്ടില്ലെന്ന വിവരാവകാശ മറുപടിയും റിപ്പോര്ട്ടറിന് ലഭിച്ചു. യൂണിവേഴ്സിറ്റി മറുപടിയില് പറയുന്നത് അനില് ശങ്കര് ഹാജരാക്കിയ സര്ട്ടിഫിക്കറ്റിലെ രജിസ്റ്റര് നമ്പര് നൂര്ജഹാന് എന്ന പേരിലുള്ള സ്ത്രീയുടേതാണെന്നാണ്.

To advertise here,contact us