'പിണറായി തറവാട് മുടിക്കുന്ന കാരണവര്'; വി മുരളീധരന് നാമനിര്ദ്ദേശ പത്രിക സമര്പ്പിച്ചു

മതപരമായി ഒന്നും മണിപ്പൂരില് സംഭവിച്ചിട്ടില്ലെന്ന് പത്രിക സമര്പ്പിച്ച ശേഷം അദ്ദേഹം പ്രതികരിച്ചു.

തിരുവനന്തപുരം: ആറ്റിങ്ങല് ലോക്സഭ മണ്ഡലം എന് ഡി എ സ്ഥാനാര്ഥി വി. മുരളീധരന് നാമനിര്ദ്ദേശ പത്രിക സമര്പ്പിച്ചു. മണിപ്പൂരില് ഉണ്ടായത് വംശീയ സംഘര്ഷങ്ങളാണ്. മതപരമായി ഒന്നും മണിപ്പൂരില് സംഭവിച്ചിട്ടില്ലെന്ന് പത്രിക സമര്പ്പിച്ച ശേഷം അദ്ദേഹം പ്രതികരിച്ചു. മതപീഡനത്തിന് ഇരയായ ക്രൈസ്തവ സഹോദരരാണ് ഇന്ത്യയില് അഭയം തേടിയത്. അവര്ക്ക് പൗരത്വം നല്കാനാണ് കേന്ദ്രം ശ്രമിച്ചത്. ഇതിനെതിരെ മാര്ക്സിസ്റ്റ് പാര്ട്ടി കോടതിയില് പോയി. ഇതില് സഭാ പിതാക്കന്മാര്ക്ക് എന്താണ് പറയാനുള്ളത്. അത് കേള്ക്കാന് ക്രൈസ്തവ വിശ്വാസികള്ക്ക് താത്പര്യം ഉണ്ടെന്നും മുരളീധരന് പറഞ്ഞു.

ഇക്കുറി തിരഞ്ഞെടുപ്പ് രണ്ട് കാരണങ്ങളാല് സവിശേഷമാണ്. മോദി സര്ക്കാരിനുള്ള ജനങ്ങളുടെ അംഗീകാരമാകും ഈ തെരഞ്ഞെടുപ്പ്. കൂടാതെ സംസ്ഥാന സര്ക്കാരിന്റെ ദുര്ഭരണത്തിന് എതിരായ വിധി എഴുത്തും. കേന്ദ്രത്തിനെതിരായുള്ള കേസില് മുതിര്ന്ന അഭിഭാഷകനായ കബില് സിബലിന് രണ്ടു കോടിയാണ് സംസ്ഥാന സര്ക്കാറിന്റെ കുടിശ്ശിക. ക്ഷേമ പണം നല്കാന് ഇല്ലാത്തപ്പോഴാണ് നികുതി പണം എടുത്ത് അഭിഭാഷകര്ക്ക് ഭീമമായ ഫീസ് നല്കുന്നത്. ഇതിനെതിരെ തിരഞ്ഞെടുപ്പില് ജനങ്ങള് പ്രതികരിക്കുമെന്നും മുരളീധരന് പ്രതികരിച്ചു.

സര്ക്കാര് അഭിഭാഷകര്ക്ക് വേണ്ടി പണം ചിലവാക്കി കേരളത്തെ മുടിപ്പിക്കുകയാണ് പിണറായി സര്ക്കാര്. തറവാട് മുടിക്കുന്ന കാരണവരായി പിണറായി മാറി. ആദായനികുതി വകുപ്പിന് മറുപടി നല്കാന് കാലതാമസം വരുത്തുന്നതിന് ഉത്തരവാദി കോണ്ഗ്രസിന്റെ അക്കൗണ്ട്സ് കമ്മിറ്റിയാണ്. നോട്ടീസിന് ബിജെപി കൃത്യമായി മറുപടി കൊടുത്തു. 2018 മുതല് കോണ്ഗ്രസിന് നോട്ടീസ് നല്കുന്നുണ്ട്. അക്കൗണ്ട് മരവിപ്പിച്ചത് ആറ് വര്ഷത്തിന് ശേഷമാണെന്നും മുരളീധരന് പറഞ്ഞു.

To advertise here,contact us