സിപിഐഎം ദേശീയപാർട്ടിയായി തന്നെ തുടരും; യാതൊരു ആശങ്കയുമില്ലെന്നും എം വി ഗോവിന്ദൻ

നിശ്ചിത ശതമാനം വോട്ട് ലഭിച്ചില്ലെങ്കിൽ ദേശീയ പദവി നഷ്ടമാകുമെന്നും ഈനാംപേച്ചി,നീരാളി ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരുമെന്നും എ കെ ബാലൻ പറഞ്ഞിരുന്നു

തിരുവനന്തപുരം: സിപിഐഎം ദേശീയ പാർട്ടിയായി തന്നെ തുടരുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യാതൊരു ആശങ്കയുമില്ലെന്നും എം വി ഗോവിന്ദൻ തിരുവനന്തപുരത്ത് പറഞ്ഞു. എ കെ ബാലൻ പറഞ്ഞ് പർവതീകരിച്ച് കാണിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നിശ്ചിത ശതമാനം വോട്ട് ലഭിച്ചില്ലെങ്കിൽ പാര്ട്ടിക്ക് ദേശീയ പദവി നഷ്ടമാകുമെന്നും ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരുമെന്നും എ കെ ബാലൻ പറഞ്ഞിരുന്നു.

കെഎസ്എഫ്ഇഒയു കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് മേഖലാതല നേതൃശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഇടത് പാർട്ടികൾ ചിഹ്നം സംരക്ഷിക്കണമെന്ന് എ കെ ബാലൻ പറഞ്ഞത്. വൈകാതെ ബാലന്റെ വാക്കുകൾ ഏറ്റെടുത്ത് യുഡിഎഫ്, ബിജെപി മുന്നണികൾ രംഗത്തെത്തുകയും വിമർശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഗോവിന്ദന്റെ പ്രതികരണം.

കൽപ്പറ്റ വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ വ്യക്തമായി ആ കുടുംബത്തോടൊപ്പമാണെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. കേസിൽ കാലതാമസം വരരുതായിരുന്നുവെന്നും അതുകൊണ്ടാണ് നടപടി എടുത്തതെന്നും മൂന്ന് പേരെ സസ്പെൻഡ് ചെയ്തതിൽ എം വി ഗോവിന്ദൻ പറഞ്ഞു. സിദ്ധാർത്ഥന്റെ മരണത്തിൽ മൂന്ന് പേരെ ഇന്നലെ സസ്പെൻ്റ് ചെയ്തിരുന്നു. ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത വി കെ, സെക്ഷൻ ഓഫിസർ ബിന്ദു, അസിസ്റ്റന്റ് അഞ്ജു എന്നിവർക്കാണ് സസ്പെൻഷൻ. പെർഫോമ റിപ്പോർട്ട് സിബിഐക്ക് നൽകാൻ വൈകിയതിലാണ് നടപടി.

പെർഫോമ റിപ്പോർട്ട് വൈകിയോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് സെക്രട്ടറിയോട് നിർദ്ദേശിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. സിദ്ധാർത്ഥന്റെ കുടുംബം ക്ലിഫ് ഹൗസിനു മുന്നിൽ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു തിരക്കിട്ട നടപടി.അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് ആശങ്കയുള്ളതായി സിദ്ധാര്ത്ഥന്റെ പിതാവ് ജയപ്രകാശ് പ്രതികരിച്ചിരുന്നു. അന്വേഷണം വഴിമുട്ടിയതില് ഭയമുണ്ടെന്ന് സിദ്ധാര്ത്ഥിന്റെ പിതാവ് പറഞ്ഞിരുന്നു.

'മാസപ്പടി കേസിലെ ഇ ഡി അന്വേഷണം തിരഞ്ഞൈടുപ്പ് സ്റ്റണ്ട്'; വി ഡി സതീശന്

To advertise here,contact us