പരസ്യമായി കഞ്ചാവ് കൃഷിക്ക് ഉദ്യോഗസ്ഥർ ധൈര്യപ്പെടുമോ, കേസ് കെട്ടിച്ചമച്ചതോ?; സംശയത്തില് വനം വകുപ്പ്

ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അറിവോടെ ഗ്രോ ബാഗിൽ കഞ്ചാവ് ചെടി വളർത്തിയെന്ന എരുമേലി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ബി ആർ ജയൻ്റെ റിപ്പോർട്ടിൽ ദുരൂഹത സംശയിച്ച് വനം വകുപ്പ്.

പത്തനംതിട്ട: എരുമേലി പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അറിവോടെ ഗ്രോ ബാഗിൽ കഞ്ചാവ് ചെടി വളർത്തിയെന്ന എരുമേലി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ബി ആർ ജയൻ്റെ റിപ്പോർട്ടിൽ ദുരൂഹത സംശയിച്ച് വനം വകുപ്പ്. സ്ഥലംമാറ്റ ഉത്തരവ് വന്നതിനുശേഷം ഫോറസ്റ്റ് റേഞ്ച് ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചതിലും വനംവകുപ്പിന് സംശയമുണ്ട്.

ഈ മാസം 16 നാണ് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി ആർ ജയൻ പ്ലാച്ചേരി വനംവകുപ്പ് ഓഫീസിൽ പരിശോധനയ്ക്ക് എത്തിയത്. എന്നാൽ കഞ്ചാവ് ചെടികൾ ആ സമയം കണ്ടെടുക്കാൻ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് കഴിഞ്ഞിരുന്നില്ല. ഗ്രോ ബാഗുകളിലുള്ള കഞ്ചാവ് ചെടികളുടെ ഫോട്ടോയും റിപ്പോർട്ടും ആണ് കോട്ടയം ഫോറസ്റ്റ് റേഞ്ച് ഓഫീസർ സമർപ്പിച്ചത്. മലപ്പുറം ഫോറസ്ട്രി ഓഫീസിലേക്ക് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ച ശേഷമാണ് ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസർ റിപ്പോർട്ട് നൽകിയത്. ഇക്കാര്യത്തിലും വനംവകുപ്പിന് സംശയമുണ്ട്.

നേരത്തെ അമിത ജോലിഭാരം നൽകുന്നു എന്ന് ചൂണ്ടിക്കാട്ടി വനിതാ ജീവനക്കാർ എരുമേലി ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസർ ബി ആർ ജയന് എതിരെ വനവകുപ്പിന് പരാതി നൽകിയിരുന്നു. ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ റിപ്പോർട്ടിൽ ഈ വനിതാ ജീവനക്കാരുടെ പേരും പരാമർശിച്ചിട്ടുണ്ട്. ഇതും വനംവകുപ്പിന് ചില സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. വനം വകുപ്പ് ഓഫീസ് കോമ്പൗണ്ടിൽ പരസ്യമായി ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി നടത്താൻ ഉദ്യോഗസ്ഥർ ധൈര്യപ്പെടുമോ എന്ന ചോദ്യവും വനം വകുപ്പിനുണ്ട്. യൂത്ത് കോൺഗ്രസിന്റെ സമരത്തിനിടെ കഞ്ചാവ് ചെടി കണ്ടെടുത്തതിലും വനവകുപ്പ് ദുരൂഹത സംശയിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

To advertise here,contact us