ഇടുക്കി: മാങ്കുളത്ത് നാലു പേരുടെ ജീവനെടുത്ത അപകടത്തിന് കാരണം വാഹനത്തിന്റെ അമിതവേഗതയാവാം എന്ന് മോട്ടോര് വാഹന വകുപ്പ്. റോഡ് നിര്മ്മാണത്തിലെ അശാസ്ത്രീയതയും ഡ്രൈവറുടെ പരിചയക്കുറവും അപകടത്തിന് കാരണമായെന്നും മോട്ടോര് വാഹനവകുപ്പ് പറയുന്നു.
''കുത്തനെയുള്ള ഇറക്കവും വലിയ വളവുമുള്ള വഴിയാണ്. മുന്നിലെ കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള റോഡ് ആണ്. ഡ്രൈവര് പരിചയകുറവുള്ള ആള് ആയിരുന്നിരിക്കാം. അമിതവേഗതയിലാവണം വണ്ടി എത്തിയത്. വണ്ടിയുടെ ഒരുവശത്തെ ചക്രങ്ങള് നിലത്തു നിന്ന് പൊങ്ങി, ബാരിക്കേഡില് ഇടിച്ച് ബാരിക്കേഡ് തകര്ത്താണ് വാഹനം മറിഞ്ഞിരിക്കുന്നത്. സംഭവത്തില് സംയുക്ത പരിശോധന നടത്തി റിപ്പോര്ട്ട് സമര്പ്പിക്കും.'' എന്ഫോഴ്സ്മെന്റ് ആര്ടിഒ രാജീവ് കെ കെ റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞു.
മരിച്ച വിനോദ സഞ്ചാരികളുടെ മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്ക്ക് വിട്ടു നല്കും. അപകടത്തില് പരുക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. അപകടം നടന്ന സ്ഥലത്ത് ഇടുക്കി ജില്ലാ എന്ഫോഴ്സ്മെന്റ് ആര്ടിഒ പരിശോധന നടത്തി. അപകടത്തില്പെട്ട ട്രാവലര് ഇന്ന് മുകളിലെത്തിക്കും. പ്രദേശത്ത് അപകടം പതിവാണെന്ന് നാട്ടുകാര് പറയുന്നു.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലര് മാങ്കുളം പേമരം വളവില് അപകടത്തില്പെട്ടത്. അപകടത്തില് നാല് പേര്ക്ക് ജീവന് നഷ്ടമായി.തേനി ചിന്നവന്നൂര് സ്വദേശി ഗുണശേഖരന്(71), തേനി സ്വദേശി അഭിനേഷ് മൂര്ത്തി (30), അഭിനേഷ് - ശരണ്യ ദമ്പതികളുടെ മകന് തന്വിക്(1), ഈറോഡ് വിശാഖ മെറ്റല് ഉടമ പി കെ സേതു(34) എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിലെ സ്വകാര്യ പ്രഷര്കുക്കര് കമ്പനിയില് നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയവര് സഞ്ചരിച്ച വാഹനമാണ് അപകടത്തില്പ്പെട്ടത്. കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.
കളമശ്ശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊല്ലാൻ ശ്രമം, ഭർത്താവ് പൊലീസില് കീഴടങ്ങി