വിഴിഞ്ഞത്ത് കല്ല് തെറിച്ച് വീണ് വിദ്യാർത്ഥി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

സുരക്ഷാ വീഴ്ച പരിശോധിച്ച് ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും 10 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് നിർദേശവും നൽകി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് കൊണ്ടുപോയ ടിപ്പറിൽ നിന്നും കല്ല് തെറിച്ചുവീണ് വിദ്യാർത്ഥി മരിച്ചസംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സുരക്ഷാ വീഴ്ച പരിശോധിച്ച് ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും 10 ദിവസത്തിനകം റിപ്പോർട്ട് നൽകണമന്ന് നിർദേശവും നൽകി. വിഴിഞ്ഞം മുക്കോല സ്വദേശിയും ബിഡിഎസ് വിദ്യാർത്ഥിയുമായ അനന്തുവാണ് മരിച്ചത്.

മൃതദേഹം നാളെ നിംസ് കോളേജിൽ പൊതുദർശനത്തിന് വയ്ക്കും. ശേഷം വീട്ടിൽ എത്തിക്കും. ഇന്ന് രാവിലെ. ടിപ്പറില് നിന്ന് കല്ല് തെറിച്ചുവീണുണ്ടായ അപകടത്തിലാണ് അനന്തു മരിച്ചത്. നിംസ് കോളേജ് നാലാം വർഷ വിദ്യാർത്ഥിയായിരുന്നു അനന്തു.

വിഴിഞ്ഞം അദാനി തുറമുഖത്തേയ്ക്ക് കൊണ്ടുവന്ന കല്ലാണ് ടിപ്പറിൽ നിന്ന് തെറിച്ച് വീണത്. കൈക്കും തലയ്ക്കും ഗുരുതര പരിക്ക് പറ്റിയ അനന്തുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് വിവിധ കക്ഷികളുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു.

To advertise here,contact us