'സുരക്ഷാപ്രശ്നം ഉണ്ട്'; ശബരിമല സ്വത്ത് വിവരവും ആസ്തിയും വെളിപ്പെടുത്താനാകില്ലെന്ന് ദേവസ്വം കമ്മീഷണർ

ഏറ്റവും വലിയ വരുമാനമുള്ള തിരുപ്പതി ദേവസ്വം ഉൾപ്പെടെ സ്വത്ത് വിവരം വെളിപ്പെടുത്തുമ്പോഴാണ് സുരക്ഷാകാരണം ചൂണ്ടിക്കാട്ടി ആസ്തി വിവരം വെളിപ്പെടുത്തില്ലെന്ന് ദേവസ്വം കമ്മീഷണർ വ്യക്തമാക്കുന്നത്

icon
dot image

കൊച്ചി: ശബരിമല ക്ഷേത്രത്തിന്റെ സ്വത്ത് വിവരവും ആസ്തിയും വെളിപ്പെടുത്താനാകില്ലെന്ന് ദേവസ്വം കമ്മീഷണർ. ഏറ്റവും വലിയ വരുമാനമുള്ള തിരുപ്പതി ദേവസ്വം ഉൾപ്പെടെ സ്വത്ത് വിവരം വെളിപ്പെടുത്തുമ്പോഴാണ് സുരക്ഷാകാരണം ചൂണ്ടിക്കാട്ടി ആസ്തി വിവരം വെളിപ്പെടുത്തില്ലെന്ന് ദേവസ്വം കമ്മീഷണർ വ്യക്തമാക്കുന്നത്. ശബരിമല ക്ഷേത്രത്തിന്റേതായി ധനലക്ഷ്മി ബാങ്കിൽ 41.74 കോടിയുടെ സ്ഥിര നിക്ഷേപമുണ്ട്. ക്ഷേത്ര സ്വത്തിലെ സ്വർണ്ണം, വെള്ളി, വജ്രം, രത്നം, മരതകം എന്നിവയുടെ മൂല്യം സുരക്ഷാപ്രശ്നം ഉള്ളതിനാൽ വെളിപ്പെടുത്താനാകില്ല. ക്ഷേത്രത്തിന് പൗരാണികമായി ലഭിച്ച വസ്തുക്കൾക്ക് പുറമേ പല കാലയളവുകളിൽ ലഭിച്ച ഭൂമികൾ സംബന്ധിച്ച വിവരവും ഈ ഘട്ടത്തിൽ നൽകാനാവില്ലെന്നാണ് ദേവസ്വം കമ്മീഷണർ പറയുന്നത്.

ലോകത്തിലെ ഏറ്റവും വരുമാനവും സ്വത്തും ബാങ്ക് നിക്ഷേപവും ഉള്ള തിരുപ്പതി ദേവസ്വം ആസ്തി വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. 85,000 കോടിയുടെ ആസ്തിയും സ്വർണ്ണം, വജ്രം, മരതകം, രത്നം എന്നിവയുടെ മൂല്യവും വെളിപ്പെടുത്താൻ തിരുപ്പതി ദേവസ്വത്തിന് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ഗുരുവായൂർ ക്ഷേത്രത്തിന്റെ ആസ്തി വിവരം സംബന്ധിച്ച വിവരാവകാശ അപേക്ഷയ്ക്ക് ആദ്യം മറുപടി നിഷേധിച്ചെങ്കിലും ഹരിദാസൻ അപ്പീൽ പോയതോടെ വിവരങ്ങൾ ലഭ്യമാക്കി.

സ്വർണ്ണവും മറ്റ് ആഭരണങ്ങളും സൂക്ഷിച്ച സ്ഥലമോ കസ്റ്റോഡിയന്റെ വിവരങ്ങളോ തിരക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് പറയാമെങ്കിലും, അവയുടെ മൂല്യം വെളിപ്പെടുത്തുന്നതിൽ എന്ത് സുരക്ഷാപ്രശ്നം എന്നതാണ് ഭക്തർ ഉന്നയിക്കുന്ന ചോദ്യം. ശബരിമല മണ്ഡല മകരവിളക്ക് സമയത്ത് ചാർത്തുന്ന തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശം ശബരിമല ക്ഷേത്രത്തിനോ തിരുവിതാംകൂർ ദേവസ്വത്തിനോ അല്ലെന്നും മറിച്ച് പന്തളം കൊട്ടാരത്തിന്റെ ഉടമസ്ഥതയിലാണ് എന്നും വിവരാവകാശ മറുപടി വ്യക്തമാക്കുന്നു.

To advertise here,contact us