കാട്ടാനയ്ക്ക് മുന്നിൽ നിന്ന് ഫോട്ടോയെടുത്ത് യുവാവ്, കേസ് ചാർജ് ചെയ്ത് വനം വകുപ്പ്

കാട്ടാനകളെ കാണുമ്പോൾ മുന്നിൽ നിന്ന് സെൽഫി ഉൾപ്പെടെ ചിത്രങ്ങൾ പകർത്തുന്നത് ആനകളെ പ്രകോപിപ്പിക്കുമെന്ന് വനം വകുപ്പ്

മൂന്നാർ: കാട്ടാന ആക്രമണത്തെ തുടർന്ന് നിരവധി പേര് മരിച്ച മൂന്നാറിൽ കാട്ടാനയുടെ മുന്നിൽ നിന്ന് ഫോട്ടോ എടുത്ത് യുവാക്കൾ. കബാലി എന്ന കാട്ടാനയുടെ മുന്നിൽ നിന്നാണ് യുവാക്കളുടെ ഈ സാഹസിക പ്രവർത്തി. ചിത്രം എടുത്ത രണ്ടു യുവാക്കൾക്കെതിരെയും വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു.

പഴയ മൂന്നാർ സ്വദേശികളായ എം.സെന്തിൽ (28), എം.മണി (26) എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുവാക്കൾ ഒളിവിലാണെന്ന് മൂന്നാർ റേഞ്ചർ എസ്.ബിജു അറിയിച്ചു. ഇന്നലെ രാവിലെ സെവൻമല എസ്റ്റേറ്റിൽ പഴയ മൂന്നാർ ഡിവിഷനിലാണ് സംഭവം നടക്കുന്നത്.

കേരളം പൊള്ളുന്നു; 10 ജില്ലകളില് യെല്ലോ അലേര്ട്ട്, അസ്വസ്ഥതയുള്ള കാലാവസ്ഥ

തേയില തോട്ടത്തിൽ ഇറങ്ങിയ കബാലി എന്ന കാട്ടാനയുടെ സമീപത്തു നിന്നാണു സെന്തിൽ എന്ന യുവാവ് സുഹൃത്ത് രവിയെ ഉപയോഗിച്ച് ചിത്രങ്ങളും വിഡിയോയും പകർത്തിയത്. എസ്റ്റേറ്റ് റോഡിനു സമീപം നിന്നിരുന്ന ആനയുടെ 20 മീറ്റർ വരെ അടുത്തെത്തിയാണ് ഫോട്ടോ എടുത്തതെന്ന് വനംവകുപ്പ് പറയുന്നു. സുഹൃത്ത് ചിത്രം പകർത്തുന്നതിനിടെ ആന പെട്ടെന്നു തിരിഞ്ഞതോടെ യുവാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.

കാട്ടാനകളെ കാണുമ്പോൾ മുന്നിൽ നിന്ന് സെൽഫി ഉൾപ്പെടെ ചിത്രങ്ങൾ പകർത്തുന്നത് ആനകളെ പ്രകോപിപ്പിക്കുമെന്നും അത്തരം പ്രവര്ത്തികൾ അവസാനിപ്പിക്കണമെന്നും വനംവകുപ്പ് അറിയിച്ചു.

To advertise here,contact us