മോദിക്കൊപ്പം ഭക്ഷണം കഴിക്കുന്നതില് എന്താണ് തെറ്റ്? രാഷ്ട്രീയം വന്നാലാണ് പ്രശ്നം: മുകേഷ്

റിപ്പോര്ട്ടര് ടിവിയുടെ അശ്വമേധം പരിപാടിയിലായിരുന്നു പ്രതികരണം

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഭക്ഷണവിരുന്നിന് വിളിച്ചാല് പോകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി കൊല്ലം മണ്ഡലത്തിലെ എല്ഡിഎഫ് സ്ഥാനാര്ത്ഥിയും നടനുമായ മുകേഷ്. മോദിക്കൊപ്പം ഭക്ഷണം കഴിച്ചാല് എന്താണ് തെറ്റെന്ന് ചോദിച്ച മുകേഷ് അതില് രാഷ്ട്രീയം വന്നാലാണ് പ്രശ്നമെന്നും പറഞ്ഞു. റിപ്പോര്ട്ടര് ടിവിയുടെ അശ്വമേധം പരിപാടിയിലായിരുന്നു പ്രതികരണം.

'പ്രധാനമന്ത്രി വിളിക്കുകയാണെങ്കില്, അതില് വേറെ ദുരുദ്ദേശ്യമൊന്നുമില്ലെങ്കില് പോകുന്നതിന് എന്താ കുഴപ്പം? നിങ്ങളുടെ അഭിനയം എനിക്കിഷ്ടപ്പെട്ടു, നിങ്ങള് പാര്ലമെന്റില് വരാന് ആഗ്രഹിച്ചിരുന്നു. നമുക്ക് ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ് ക്ഷണിച്ചാല് പോയി ഭക്ഷണം കഴിക്കുന്നതില് എന്താണ് തെറ്റ്? എന്നാല് അതില് രാഷ്ട്രീയം വന്നാല് ആലോചിക്കും', മുകേഷ് പറഞ്ഞു.

ഇഡി വരുമെന്ന് പറഞ്ഞാല് എന്തുചെയ്യുമെന്ന ചോദ്യത്തിന് തനിക്ക് ഇഡിയെ ഭയമില്ലെന്നായിരുന്നു മുകേഷിന്റെ മറുപടി. 'നികുതി റിട്ടേണ്സ് എല്ലാം കൃത്യമാണ്. പിന്നെ പറയാനാകില്ല ഇഡി വന്ന് വര്ഷങ്ങളോളം വലിച്ചിഴച്ചിട്ട് അവസാനം മുകേഷ് കുമാറാണെന്ന് തങ്ങള് വിചാരിച്ചുവെന്ന് പറയാമല്ലോ. ഒരു രൂപ പോലും എന്റെ കയ്യില് കണക്കില്പ്പെടാത്തതില്ല. ഇതിനുമാത്രം കാശൊന്നും കയ്യിലില്ലെന്നേ. ഇവരൊന്നും പൈസ തരുന്നില്ല. ചെക്കൊക്കെ ബൗണ്സായി കുറേക്കാലം. ഇപ്പോഴാണ് മാറ്റം വന്നുതുടങ്ങിയത്.'- മുകേഷ് പറഞ്ഞു.

ബിജെപിയിലേക്ക് ക്ഷണം വന്നാലോ എന്ന ചോദ്യത്തിന്, താന് ഒരിക്കലും കമ്മ്യൂണിസ്റ്റ് പാര്ട്ടി വിടില്ലെന്നായിരുന്നു മറുപടി. 'കമ്മ്യൂണിസ്റ്റ് കുടുംബത്തില് ജനിച്ച് വളര്ന്നയാളാണ് ഞാന്. പെട്ടെന്ന് രാഷ്ട്രീയത്തില് വന്നയാളല്ല', മുകേഷ് പറഞ്ഞു.

കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്ത്ഥി എന് കെ പ്രമചന്ദ്രന് മോദിയുടെ വിരുന്നില് പങ്കെടുത്തതും സംഘിവല്ക്കരിക്കാന് ശ്രമം നടക്കുന്നുവെന്ന പ്രേമചന്ദ്രന്റെ ആരോപണവും ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് മുകേഷിന്റെ മറുപടി ഇങ്ങനെ, 'പ്രസംഗം വളച്ചൊടിച്ചു, അങ്ങനെയല്ല ഉദ്ദേശിച്ചതെന്ന് പറയും. എന്നാല് വളച്ചൊടിക്കാന് അങ്ങനൊരു പ്രസംഗം നടത്തിയതുകൊണ്ടല്ലേ. അങ്ങനൊരു സാഹചര്യമുണ്ടായിരുന്നില്ലെങ്കില് ആരെങ്കിലും വളച്ചൊടിക്കുമോ? പല നേതാക്കന്മാരും പറഞ്ഞു, ഉച്ചഭക്ഷണത്തിന് വിളിച്ചാല് താന് പോകില്ലെന്ന്. ഉച്ചഭക്ഷണത്തിന് പോയ ഒരാള് ബിജെപിയിലേക്ക് പോവുകയും ചെയ്തു. അപ്പോള് പിന്നെ ആരോപണങ്ങള് വളച്ചൊടിക്കേണ്ടതായി വന്നതുമില്ല.'

വരുന്ന തിരഞ്ഞെടുപ്പില് കൊല്ലം മണ്ഡലം ശരിപക്ഷത്തിനൊപ്പമായിരിക്കുമെന്നും മുകേഷ് പറഞ്ഞു. ആ ശരിപക്ഷത്തെ ഇടതുപക്ഷം എന്ന് വിളിക്കാം. കഴിഞ്ഞ തവണ പ്രധാനമന്ത്രി സ്ഥാനാര്ത്ഥി കേരളത്തില് നിന്ന് മത്സരിക്കുകയും കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കാന് സാധ്യതയുള്ള നിരവധിപേര് മത്സരിക്കുകയും ചെയ്തപ്പോള് ഒരു ഫാള്സ് ട്രെന്ഡ് വന്നു. കഴിഞ്ഞ അഞ്ച് വര്ഷത്തോളമായി കേരളത്തിലെ ജനങ്ങള് അതില് പശ്ചാത്തപിക്കുകയും തലതാഴ്ത്തിയിരിക്കുകയുമാണെന്നും മുകേഷ് കൂട്ടിച്ചേര്ത്തു.

'ദുഖിതനായ ചെറുപ്പക്കാരൻ, തൊഴിൽരഹിതൻ റോളുകളാണ് എനിക്ക് കിട്ടിയത്'; രസകരമായ മറുപടിയുമായി മുകേഷ്

To advertise here,contact us