'ഭാരത് റൈസ് വിതരണം ലാഭം നോക്കി, 18 രൂപയ്ക്ക് കിട്ടുന്നത് 10 രൂപ കൂട്ടി വില്ക്കുന്നു'; മുഖ്യമന്ത്രി

'ലാഭം നോക്കിയാണ് ഭാരത് റൈസ് വിതരണം ചെയ്യുന്നത്. ലാഭേച്ഛയും കൂട്ടത്തില് കുറച്ച് രാഷ്ട്രീയ ലാഭവും'

തിരുവനന്തപുരം: സംസ്ഥാനത്തിന് അര്ഹമായ ഭക്ഷ്യധാന്യവിഹിതം കേന്ദ്രസര്ക്കാര് വെട്ടിക്കുറച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തോന്നിയത് ചെയ്യും എന്നാണ് കേന്ദ്ര നിലപാട്. ഫെഡറല് സംവിധാനമുള്ള രാജ്യത്തിന് യോജിക്കാത്ത നടപടിയാണ്. റേഷന് കടകളില് 10 രൂപയ്ക്ക് നല്കുന്ന അരിയാണ് ഭാരത് റൈസെന്ന പേരില് നല്കുന്നതെന്നും മുഖ്യമന്ത്രി വിമര്ശിച്ചു. കെ റൈസ് വിതരണോദ്ഘാടനത്തിലായിരുന്നു പ്രതികരണം.

ലാഭം നോക്കിയാണ് ഭാരത് റൈസ് വിതരണം ചെയ്യുന്നത്. ലാഭേച്ഛയും കൂട്ടത്തില് കുറച്ച് രാഷ്ട്രീയ ലാഭവും. 18 രൂപയ്ക്കാണ് കേന്ദ്രസര്ക്കാര് ഏജന്സികള്ക്ക് അരി കിട്ടുന്നത്. 10 രൂപ കൂട്ടി ഭാരത് റൈസ് ആക്കി വില്ക്കുകയാണ്. ദുരിതാശ്വാസത്തിന്റെ പേരില് നല്കിയ അരിയുടെ വില പോലും കേന്ദ്രം പിടിച്ചുപറിച്ചു. കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി മുടക്കാന് ശ്രമിച്ചു. അതുകൊണ്ട് പുതിയ നീക്കത്തില് ആശ്ചര്യപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

റേഷന് വിതരണത്തിന് സംസ്ഥാന സര്ക്കാര് ഭീമമായ തുക ചെലവഴിക്കുന്നുണ്ട്. എന്നാല് ഇത് സ്വകാര്യ പരിപാടി എന്ന് അവതരിപ്പിക്കാനാണ് കേന്ദ്ര സര്ക്കാര് ശ്രമിക്കുന്നത്. സെല്ഫി പോയിന്റും ബാനറും സ്ഥാപിക്കാനാണ് നിര്ദേശം. ലൈഫ് മിഷന് വീടുകളുടെ മുന്നില് ലോഗോ വെക്കണം എന്ന് നിര്ദേശിച്ചു. അവിടെ താമസിക്കുന്നവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയാണിത്. ലോഗോ വെക്കാന് കഴിയില്ല എന്ന് ഉറച്ച സ്വരത്തില് അറിയിച്ചിട്ടുണ്ട്. ആരോഗ്യം, പാര്പ്പിടം, ഭക്ഷണം എന്നിവ ഔദാര്യമല്ല അവകാശമാണ്. അതില് പബ്ലിസിറ്റി സ്റ്റണ്ട് പാടില്ല. കേന്ദ്രനിലപാട് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.

To advertise here,contact us