2 മാസം, കാട്ടാന അക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത് 5 പേര്; ഇടുക്കിയിൽ ഇന്ന് സർവ്വകക്ഷി യോഗം

കഴിഞ്ഞ പത്ത് വർഷത്തെ കണക്ക് പരിശോധിച്ചാൽ 47 പേരാണ് ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത്. കാട്ടാനക്കൊപ്പം കാട്ടുപന്നി, കാട്ടുപോത്ത്, കടുവ, പുലി, കുരങ്ങ് എന്നിവയും ജനവാസ മേഖലയിൽ ഇറങ്ങുന്ന സാഹചര്യമാണ്.

ഇടുക്കി: വന്യമൃഗ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് വനം വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് ഇടുക്കിയിൽ സർവ്വകക്ഷി യോഗം ചേരും. ഇടുക്കി കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ രാവിലെ 10 മണിക്കാണ് യോഗം. അതേ സമയം വന്യജീവി അക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ ഇന്ന് നാല് മണിക്ക് പൂപ്പാറയിൽ ബഹുജന റാലി സംഘടിപ്പിക്കും.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഇടുക്കി ജില്ലയിൽ കാട്ടാന അക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത് 5 പേരാണ്. കഴിഞ്ഞ പത്ത് വർഷത്തെ കണക്ക് പരിശോധിച്ചാൽ 47 പേരാണ് ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത്. കാട്ടാനക്കൊപ്പം കാട്ടുപന്നി, കാട്ടുപോത്ത്, കടുവ, പുലി, കുരങ്ങ് എന്നിവയും ജനവാസ മേഖലയിൽ ഇറങ്ങുന്ന സാഹചര്യമാണ്. എന്നിട്ടും കാര്യക്ഷമമായ പ്രതിരോധ മാർഗ്ഗങ്ങൾ വനം വകുപ്പ് സ്വീകരിച്ചിട്ടില്ല. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരവും പൂർണ്ണമായി നൽകിയിട്ടില്ല.

നേര്യമംഗലത്ത് ഇന്ദിരയെന്ന വയോധിക മരിച്ച പശ്ചാത്തലത്തിൽ ഉയർന്ന് വന്ന പ്രതിഷേധത്തെ തുടർന്നാണ് ജില്ലയിൽ വിഷയം ചർച്ച ചെയ്യുന്നതിന് ഇന്ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. സർവകക്ഷി യോഗം വിളിച്ച് ചർച്ച ചെയ്തതിന് ശേഷം പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന് വ്യക്തമാക്കിയിരുന്നു.

രാവിലെ 10 മണിക്ക് ഇടുക്കി കളക്ട്രേറ്റില് നടക്കുന്ന യോഗത്തില് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്, എം.പി., എം.എല്.എമാര്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്, രാഷ്ട്രീയ കക്ഷി നേതാക്കള്, വനം -റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്, തുടങ്ങിയവര് പങ്കെടുക്കും. അതേ സമയം വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇടുക്കി രൂപത ഇന്ന് പൂപ്പാറയില് ബഹുജന റാലിയും യോഗവും സംഘടിപ്പിക്കുമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലും അറിയിച്ചിട്ടുണ്ട്.

To advertise here,contact us