തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുക്കുന്നത് കണക്കിലെടുത്ത് പെൻഷൻ അടിയന്തരമായി നൽകാൻ തീരുമാനിച്ച് സർക്കാർ. ഒരു മാസത്തെ ക്ഷേമ പെൻഷനായ 1,600 രൂപ ഈ മാസം 15 മുതൽ വിതരണം ചെയ്യാനാണ് തീരുമാനമായിരിക്കുന്നത്. ഇതിനായി 5000 കോടി രൂപ സർക്കാർ ഇന്ന് കടമെടുക്കും. അടിയന്തര ചെലവുകളും കൂടി കണക്കിലെടുത്താണ് കടമെടുപ്പ്.
സെപ്തംബർ മുതൽ ഫെബ്രുവരി വരെയുള്ള ക്ഷേമ പെൻഷനാണ് കെട്ടിക്കിടക്കുന്നത്. ഇതും പരിഹരിച്ചുകൊണ്ട് വരുന്ന മാസം മുതൽ കൃത്യമായി പെൻഷൻ നൽകുമെന്നാണ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞത്. ഒരു മാസത്തെ ക്ഷേമ പെൻഷനൊപ്പം ഒന്നോ രണ്ടോ ഗഡു കൂടി നൽകാനും ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
30 വർഷത്തെ തിരിച്ചടവു കാലാവധിയിൽ 2,000 കോടി, 20 വർഷത്തേക്ക് 2,000 കോടി, 10 വർഷത്തേക്ക് 1,000 കോടി എന്നിങ്ങനെയാണ് കടമെടുക്കുക. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വഴി രണ്ട് മാസത്തെ പെൻഷൻ വിതരണത്തിന് ആവശ്യമായ 1,500 കോടി രൂപ കടമെടുക്കാൻ ശ്രമിച്ചെങ്കിലും 300 കോടി മാത്രമാണ് ലഭിച്ചത്.
കേരളത്തിന് ലഭിക്കേണ്ടിയിരുന്ന 13,608 കോടി രൂപ സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. ഇതിൽ 8,742 കോടി രൂപ കടമെടുക്കാനുള്ള അനുമതിക്കത്ത് ലഭിച്ചിരുന്നു. ഇതിൽ നിന്നാണ് 5,000 കോടി രൂപ ഇന്ന് എടുക്കുന്നത്. ബാക്കി തുക (4,866 കോടി രൂപ) വിതരണ മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കിയ വകയിൽ കടമെടുക്കാനുള്ള തുകയാണ്.