കേരള യൂണിവേഴ്സിറ്റി കലോത്സവം നിർത്തിവച്ചതായി ഔദ്യോഗിക അറിയിപ്പ്; പ്രതിഷേധ നൃത്തവുമായി വിദ്യാർത്ഥികൾ

തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലെയും ആലപ്പുഴ എസ് ഡി കോളജിലെയും വിദ്യാർഥികളാണ് പ്രതിഷേധ സൂചകമായിവേദിയിൽ നൃത്തം അവതരിപ്പിച്ചത്

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവം നിർത്തിവച്ചതായി ഔദ്യോഗിക അറിയിപ്പ് നൽകി. സമാപന സമ്മേളന തീയതി പിന്നീട് അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ വിദ്യാർത്ഥികൾ വേദിയിൽ പ്രതിഷേധ നൃത്തം അവതരിപ്പിച്ചു. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലെയും ആലപ്പുഴ എസ് ഡി കോളജിലെയും വിദ്യാർഥികളാണ് പ്രതിഷേധ സൂചകമായി വേദിയിൽ നൃത്തം അവതരിപ്പിച്ചത്. ഇതിന് മുമ്പായി വേദിയിലെ വൈദ്യതി ബന്ധം വിച്ഛേദിച്ചിരുന്നു.

കേരള യൂണിവേഴ്സിറ്റി കലോത്സവം നിര്ത്തിവെക്കാന് നേരത്തെ വൈസ് ചാന്സലർ നിർദ്ദേശം നൽകിയിരുന്നു. ഇനി മത്സരങ്ങളോ ഫലപ്രഖ്യാപനമോ ഉണ്ടാകില്ല. കലോത്സവത്തിനെതിരെ കൂട്ടപ്പരാതി ഉയർന്നതോടെയായിരുന്നു തീരുമാനം. പരാതികള് പരിശോധിച്ച ശേഷം തുടര്നടപടി സ്വീകരിക്കുമെന്നും വൈസ് ചാന്സലര് വ്യക്തമാക്കിയിരുന്നു. ലഭിച്ച മുഴുവന് പരാതികളും പരിശോധിക്കും. ഫലപ്രഖ്യാപനത്തിന് പണം വാങ്ങിയെന്ന് ആരോപിച്ച് മൂന്ന് വിധി കര്ത്താക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമേ തങ്ങളെ എസ്എഫ്ഐക്കാര് മര്ദ്ദിച്ചെന്നാരോപിച്ച് കെഎസ്യുക്കാര് ഇന്നലെ വേദിയില് പ്രതിഷേധിച്ചിരുന്നു. ഒപ്പന മത്സരത്തില് വിധി നിര്ണ്ണയിച്ചത് ശരിയല്ലെന്ന് ആരോപിച്ച് ഇന്ന് വിദ്യാർത്ഥികളുടെ പ്രതിഷേധവും ഉണ്ടായിരുന്നു.

കലോത്സവം നിർത്തി വെക്കുമെന്നും വിദ്യാർത്ഥികൾക്ക് ഉടൻ അറിയിപ്പ് നൽകുമെന്നും യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ വിജയ് വിമൽ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. പ്രതിഷേധക്കാർക്ക് പ്രത്യേക താല്പര്യമുണ്ടെന്നും കലോത്സവം മോശമെന്ന് വരുത്തിത്തീർക്കാൻ ശ്രമമെന്നും വിജയ് വിമൽ കുറ്റപ്പെടുത്തിയിരുന്നു. വിഷയത്തിൽ രാഷ്ട്രീയ ഇടപെടൽ സംശയിക്കുന്നതായും യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ ആരോപണം ഉന്നയിച്ചിരുന്നു.

To advertise here,contact us