വനിതാ ദിനത്തിലും സ്ത്രീകൾക്ക് നേരെ അതിക്രമം, രണ്ട് പേർ അറസ്റ്റിൽ

യുവതിക്ക് നേരെ അതിക്രമം നടത്തിയ കോളേജ് അധ്യാപകനും കെഎസ്ആർടിസി ബസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവും ആണ് പിടിയിലായത്

എറണാകുളം: വനിതാദിനത്തിലും സ്ത്രീകൾക്ക് നേരെ അതിക്രമം. എറണാകുളത്ത് രണ്ട് പേർ അറസ്റ്റിൽ. ട്രെയിനിൽ യുവതിക്ക് നേരെ അതിക്രമം നടത്തിയ കോളേജ് അധ്യാപകനും കെഎസ്ആർടിസി ബസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവും ആണ് പിടിയിലായത്.

ട്രെയിനിൽ സഹയാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിനാണ് പട്ടാമ്പി ഗവ. സംസ്കൃത കോളേജിലെ അധ്യാപകൻ പ്രമോദ് കുമാർ അറസ്റ്റിലായത്. അൻപതുകാരനായ പ്രമോദ് തിരുവനന്തപുരം ബാലരാമപുരം സ്വാദേശിയാണ്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസ് ട്രെയിനിൽ വെച്ചാണ് സംഭവം. ആലപ്പുഴയിലേക്ക് പോകാൻ വേണ്ടി കുറ്റിപ്പുറത്ത് നിന്നാണ് യുവതി ട്രെയിനിൽ കയറിയത്. തൊട്ടടുത്ത സീറ്റിൽ ഇരുന്ന് ഉറങ്ങുന്നതായി നടിച്ച പ്രതി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ട്രെയിൻ തൃശൂർ പിന്നിട്ടപ്പോഴാണ് സംഭവം. യുവതിയുടെ പരാതിയിൽ കേസ് എടുത്ത എറണാകുളം റെയിൽവേ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ടെലിവിഷൻ താരം ബിനു ബി കമാൽ അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിനെ ആലുവ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ തിരുവമ്പാടി ബാത്തിൽ ജഹാസ് വീട്ടിൽ അബ്ദുൾ റഹിം സേഠ്നെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം. പാലക്കാട് നിന്ന് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് അടുത്തിരുന്ന് പ്രതി അതിക്രമം നടത്തുകയായിരുന്നു.

To advertise here,contact us