സിദ്ധാർത്ഥന്റെ മരണം: ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യും; നിര്ദേശിച്ച് മന്ത്രി

'ജീവനക്കാരുടെ കുറവിനെ കുറിച്ച് ഡീൻ പറയേണ്ട ആവശ്യമില്ല'

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഡീനിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചു. വാർഡൻ എന്ന നിലയിൽ ഡീൻ ഹോസ്റ്റലിൽ ഉണ്ടാകണം. ജീവനക്കാരുടെ കുറവിനെ കുറിച്ച് ഡീൻ പറയേണ്ട ആവശ്യമില്ല. ഡീൻ ഡീനിന്റെ ചുമതല നിർവഹിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഡീൻ ഉത്തരവാദിത്തം നിർവഹിച്ചില്ല. കേസിന്റെ അന്വേഷണത്തിന് ഒരു വിധത്തിലുള്ള തടസ്സവുമില്ല. കുറ്റക്കാർക്ക് കർശന ശിക്ഷ ലഭിക്കണം. സിസി ടിവി ക്യാമറ നിരീക്ഷണം ഇനി മുതൽ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ഡീനിന്റെ പണി സെക്യൂരിറ്റി സർവ്വീസല്ലെന്നാണ് നേരത്തെ പൂക്കോട് വെറ്ററിനറി കോളേജ് ഡീൻ എം കെ നാരായണന് പ്രതികരിച്ചത്. ഡീൻ, ഫാക്കൽറ്റി ഹെഡ് ആണ്. ഡീനിന് കീഴിലാണ് അസിസ്റ്റന്റ് വാർഡൻ. ഇരുവരും ഹോസ്റ്റലിലല്ല താമസം. ഹോസ്റ്റലിൽ താമസിക്കേണ്ടത് റെസിഡന്റ് ട്യൂട്ടറാണ്. ഹോസ്റ്റലിൽ സൌകര്യമില്ലാത്തതിനാൽ സർവ്വകലാശാല റെസിഡന്റ് ട്യൂട്ടററെ നിയമിച്ചിട്ടില്ല.

130-ഓളം കുട്ടികൾ ഹോസ്റ്റലിൽ താമസിക്കുന്നുണ്ട്. ഇവരാരും ഹോസ്റ്റലിൽ പ്രശ്നമുണ്ടെന്ന് പരാതി പറഞ്ഞിട്ടില്ല. എല്ലാ കാര്യവും ഡീനിന് ചെയ്യാനാകില്ല. ഹോസ്റ്റലിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് അസിസ്റ്റന്റ് വാർഡൻ റിപ്പോർട്ട് തന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാത്തത് യൂണിവേഴ്സിറ്റിയുടെ വീഴ്ച്ചയെന്നും ഡീൻ എം കെ നാരായണന് പറഞ്ഞു. സിദ്ധാർത്ഥൻ അനുഭവിച്ചത് അതിക്രൂര പീഡനമെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. 12ാം തീയതി സിദ്ധാർത്ഥൻ സഹപാഠിയോട് മോശമായി പെരുമാറിയതായി ആരോപണം ഉയർന്നു. വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സിദ്ധാർത്ഥനെ പരസ്യമായി വിചാരണ നടത്തിയിരുന്നു. പിന്നീട് വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാർത്ഥനെ തിരിച്ച് വിളിച്ചുവരുത്തുകയായിരുന്നു. കാര്യങ്ങൾ ഒത്തുതീർപ്പാക്കാം എന്ന് പറഞ്ഞാണ് ഫോണിൽ വിളിച്ചത്. ഹോസ്റ്റലിലെ അലിഖിത നിയമം അനുസരിച്ച് ഒത്തുതീർപ്പാക്കാം എന്നാണ് പറഞ്ഞത്. തിരിച്ചെത്തിയ സിദ്ധാർത്ഥനെ ഹോസ്റ്റൽ മുറിയിൽ നിന്ന് എങ്ങും പോകാൻ അനുവദിച്ചില്ല.

സിദ്ധാർത്ഥനെ പരസ്യവിചാരണ നടത്തി, അടിവസ്ത്രത്തിൽ നിർത്തി ക്രൂരമായി മർദ്ദിച്ചു; റിമാൻഡ് റിപ്പോർട്ട്

16ാം തീയതി സിദ്ധാർത്ഥനെ തടങ്കലിൽ പാർപ്പിച്ചു. രാത്രിയോടെ ക്രൂരമായി മർദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റ് കൊണ്ടും കേബിൾ വയർ കൊണ്ടും കൈകൊണ്ടും കാലുകൊണ്ടും അതിക്രൂരമായി മർദ്ദിച്ചു. 16ാം തീയതി രാത്രി ഒമ്പത് മണിക്ക് ആരംഭിച്ച മർദ്ദനം 17ാം തീയതി പുലർച്ചെ രണ്ട് മണി വരെ നീണ്ടു. ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി മർദ്ദിച്ചിരുന്നു. പൊതു മധ്യത്തിൽ പരസ്യ വിചാരണ നടത്തുകയും അപമാനിക്കുകയും ചെയ്തതിനെ തുടർന്ന് മരണമല്ലാതെ മറ്റൊരു മാർഗമില്ലാത്ത സാഹചര്യത്തിലേക്ക് സിദ്ധാർത്ഥനെ പ്രതികൾ എത്തിച്ചു. 18ാം തീയതി ഉച്ചയോടെ സിദ്ധാർത്ഥൻ തൂങ്ങിമരിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൊലപാതക സാധ്യത അന്വേഷിക്കുമെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

To advertise here,contact us