ഹിന്ദുമത വിശ്വാസിയാണ്, പക്ഷേ വേണ്ടത് ഹിന്ദുത്വയുടെ ശബ്ദമെങ്കിൽ യോജിച്ചയാൾ ഞാനല്ല: ശശി തരൂര്

തിരുവനന്തപുരത്തുകാർക്ക് വേണ്ടത് ഹിന്ദുത്വയുടെ ശബ്ദം ആണെങ്കിൽ അതിന് യോജിച്ചയാൾ താനല്ല

തിരുവനന്തപുരം: ഔദ്യോഗിക സ്ഥാനാര്ത്ഥി പ്രഖ്യാപനം വരാതെ പ്രചരണത്തിനു ഇറങ്ങുന്നത് ശരിയല്ലെന്ന് തിരുവനന്തപുരം സിറ്റിങ് എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ. എംപിയെന്ന നിലയിൽ പ്രവർത്തനം തുടരുകയാണ്. താൻ ആരെയും ആക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടല്ല വോട്ട് തേടുന്നത്. രാജീവ് ചന്ദ്രശേഖർ ആദ്യമായിട്ടാണ് വോട്ട് ചോദിക്കാൻ ഇറങ്ങുന്നത്, എന്താകുമെന്ന് നോക്കാം. മുൻകാല പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് താൻ വോട്ട് ചോദിക്കാറെന്നും തരൂർ പറഞ്ഞു.

തിരുവനന്തപുരത്തുകാർക്ക് തന്നെ നന്നായി അറിയാം. 15 വർഷമായി ജനങ്ങൾക്കൊപ്പം നിൽക്കുന്നയാളാണ് താൻ. ഇവിടെ ഇനി പ്രത്യേക പ്രചരണത്തിന്റെ ആവശ്യമില്ല. താൻ ഹിന്ദുമത വിശ്വാസിയാണ്. പക്ഷേ ഹിന്ദുത്വയോട് യോജിപ്പില്ല. ഹിന്ദുത്വ എന്ന് പറഞ്ഞാൽ ഹിന്ദു സമുദായവുമായി ബന്ധമില്ല. ഹിന്ദുത്വയെ താൻ എതിർക്കും. ബഹുസ്വരതയ്ക്ക് വേണ്ടി ശബ്ദിക്കാൻ കഴിഞ്ഞ 15 വർഷമായി താൻ ഉണ്ടായിരുന്നു. തിരുവനന്തപുരത്തുകാർക്ക് വേണ്ടത് ഹിന്ദുത്വയുടെ ശബ്ദം ആണെങ്കിൽ അതിന് യോജിച്ചയാൾ താനല്ല. തിരുവനന്തപുരത്ത് എംപിയെ കാണാൻ ഇല്ലെന്ന പ്രചരണത്തിനും തരൂർ മറുപടി നൽകി. തിരുവനന്തപുരത്ത് ഇരിക്കാനല്ല തന്നെ തെരഞ്ഞെടുത്ത് വിട്ടിരിക്കുന്നത്. ഡൽഹിയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് പ്രധാനമെന്നും തരൂർ പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ഡൽഹിയിൽ ഇന്ന് മുതൽ ആരംഭിക്കുന്ന ചർച്ചകളിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. രാഹുൽഗാന്ധി വയനാട് മത്സരിക്കുമോ എന്നതിലെ അനിശ്ചിതത്വത്തിലും തീരൂമാനമാകും. ഇന്നലെ ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമ തീരുമാനമായതൊടെ എതിർ പാർട്ടികളെല്ലാം കളത്തിൽ സജീവമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ വൈകാതെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കാനാണ് കോണ്ഗ്രസിന്റെ നീക്കം.

വയനാട്, കണ്ണൂർ, ആലപ്പുഴ സീറ്റുകളിലാണ് പ്രത്യക്ഷത്തിൽ അനിശ്ചിതത്വം തുടരുന്നത്. മാവേലിക്കര, പത്തനംതിട്ട സീറ്റുകളിലും ചർച്ചകൾ നടക്കുന്നുണ്ട്. ഇരു മണ്ഡലങ്ങളിലും സുനിൽ കനഗോലു റിപ്പോർട്ട് കൂടി മുൻ നിർത്തിയാണ് സിറ്റിങ് എംപിമാർക്കപ്പുറത്തേക്ക് കൂടി ചർച്ചകൾ നീളുന്നത്. ദേശീയ സാഹചര്യം കൂടി കണക്കിലെടുത്താവും വയനാടൻ തീരുമാനം. വയനാട്ടിലെ സാഹചര്യം കൂടി കണക്കിലെടുത്താകും കണ്ണൂരിലെയും ആലപ്പുഴയിലെയും സ്ഥാനാർത്ഥി നിർണയത്തിൽ വ്യക്തത ലഭിക്കുക.

ലോക്സഭാ തിരഞ്ഞെടുപ്പ്; രാഹുൽഗാന്ധി വയനാട് മത്സരിക്കുമോ? കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം ഉടൻ

To advertise here,contact us