തൃപ്പൂണിത്തുറ സ്ഫോടനം; നാല് പ്രതികൾ കീഴടങ്ങി

പുതിയകാവ് ക്ഷേത്ര ഭാരവാഹികളായ നാലു പേരാണ് കീഴടങ്ങിയത്.

കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടന കേസില് നാല് പ്രതികൾ കീഴടങ്ങി. പുതിയകാവ് ക്ഷേത്ര ഭാരവാഹികളായ നാലു പേരാണ് കീഴടങ്ങിയത്. ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതികളെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും.

തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. ഫെബ്രുവരി 12 ന് രാവിലെയായിരുന്നു സ്ഫോടനം നടന്നത്. സംഭവത്തില് രണ്ടുപേർക്ക് ജീവന് നഷ്ടമായിരുന്നു. 25 വീടുകൾക്ക് ഭാഗികമായോ പൂർണമായോ തകര്ന്നു. നാല് വീടുകളുടെ മേൽക്കൂര തകർന്നു. വാഹനത്തിൽ നിന്ന് പടക്കം ഷെഡ്ഡിലേക്ക് മാറ്റുന്നതിനിടെ വാഹനത്തിൽ നിന്നുണ്ടായ തീപ്പൊരിയിൽ നിന്ന് പടക്കം പൊട്ടിത്തെറിക്കുകയും ഇത് ഷെഡ്ഡിലേക്ക് വ്യാപിക്കുകയുമായിരുന്നു.

സംഭവത്തില് പുതിയകാവ് ക്ഷേത്ര ഭാരവാഹികളും ഉത്സവ കമ്മിറ്റി അംഗങ്ങളും വെടിക്കെട്ടിനു നേതൃത്വം നൽകിയവരെയും പൊലീസ് പ്രതിചേർത്തു. മത്സര വെടിക്കെട്ട് സംഘടിപ്പിച്ചതിലും സ്ഫോടക വസ്തുക്കൾ സംഭരിച്ചതിലും കൂടുതൽ പേർക്ക് നേരിട്ട് പങ്കും അറിവും ഉണ്ടായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഘാടകരിൽ പലരും സംഭവത്തിന് പിന്നാലെ ഒളിവില് പോയിരുന്നു.

To advertise here,contact us