നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല

പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി തള്ളി.

കൊച്ചി: നടിയെ ആക്രമിച്ച കേസില് എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോഫി തോമസ് അധ്യക്ഷയായ സിംഗിള് ബെഞ്ചാണ് പ്രൊസിക്യൂഷന്റെ അപ്പീലില് വിധി പറഞ്ഞത്. വിചാരണ എത്രയും വേഗം പൂർത്തിയാക്കി കേസ് തീർപ്പാക്കണമെന്നും ഹെെക്കോടതി പറഞ്ഞു. ജാമ്യം റദ്ദാക്കണമെന്ന സര്ക്കാരിന്റെ അപ്പീല് ഹൈക്കോടതി തീര്പ്പാക്കി.

ദിലീപിൻ്റെ ജാമ്യം റദ്ദാക്കിയാൽ കൂടുതൽ നിയമ പ്രശ്നങ്ങളിലേക്ക് പോകുമെന്നും സങ്കീർണ്ണതകൾക്ക് കാരണമാകുമെന്നുമാണ് ഹെെക്കോടതി നിരീക്ഷണം. വിചാരണ നടപടികളെ ബാധിക്കുംഅതിനാൽ എട്ടാം പ്രതി ദിലീപിൻ്റെ ജാമ്യം റദ്ദാക്കുന്നില്ലെന്നും ഹെെക്കോടതി പ്രസ്താവിച്ചു.

തെളിവ് നശിപ്പിച്ചതും സാക്ഷികളെ സ്വാധീനിക്കാന് ശ്രമിച്ചതും അന്വേഷണ ഉദ്യോഗസ്ഥര്ക്ക് എതിരായ ഭീഷണിയും ഉള്പ്പടെയുള്ള കേസുകളില് നിയമപ്രകാരം പ്രൊസിക്യൂഷന് മുന്നോട്ടുപോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എട്ടാം പ്രതി ദിലീപ് ഡിജിറ്റല് തെളിവുകള് നശിപ്പിച്ചുവെന്ന് കരുതാനാവില്ലെന്നായിരുന്നു വിചാരണ കോടതിയടെ ഉത്തരവിലെ ഒരു പരാമര്ശം.

സ്വകാര്യ ലാബിലേക്ക് മൊബൈല് ഫോണുകള് അയച്ചത് തെളിവ് നശിപ്പിക്കാനാണെന്ന് കരുതുന്നില്ലെന്ന് മറ്റൊരു പരാമര്ശം. ഈ രണ്ട് പരാമര്ശങ്ങളിലും ഹൈക്കോടതി വ്യക്തത വരുത്തി. വിചാരണ കോടതിയുടെ പരാമര്ശങ്ങള് 2022ലെ പരാതിക്ക് മാത്രമാണ് ബാധകം. 2018ല് കൊച്ചിയില് നടിയെ ആക്രമിച്ച കേസിന്റെ വിചാരണയെ ബാധിക്കരുത്. വിചാരണ എത്രയും വേഗം പൂര്ത്തിയാക്കണമെന്നും കേസ് തീര്പ്പാക്കണമെന്നും ഹൈക്കോടതി നിര്ദ്ദേശിച്ചു.

കേസിലെ സാക്ഷികളെ സ്വാധീനിക്കാന് ദിലീപിന്റെ അഭിഭാഷകനും കാവ്യ മാധവന്റെ ഡ്രൈവറും ആലപ്പുഴയില് താമസിച്ചതിന്റെ തെളിവുകള് റിപ്പോര്ട്ടര് ടിവിയാണ് പുറത്തുവിട്ടത്. സാക്ഷികളെ സ്വാധീനിക്കാന് ശ്രമിച്ചതിന്റെ ശബ്ദ സന്ദേശങ്ങളും റിപ്പോര്ട്ടര് ടിവി പുറത്തുവിട്ടു. റിപ്പോര്ട്ടര് ടിവി പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊസിക്യൂഷന് കോടതിയെ സമീപിച്ചത്.

To advertise here,contact us