നെടുമ്പാശ്ശേരി 'കൈ' വിട്ടു; യുഡിഎഫിന് ഭരണ നഷ്ടം

കോണ്ഗ്രസിലെ ഗ്രൂപ്പ് തര്ക്കമായിരുന്നു രാജിയില് കലാശിച്ചത്.

കൊച്ചി: നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തില് യുഡിഎഫിന് ഭരണ നഷ്ടം. ഉപതിരഞ്ഞെടുപ്പില് എല്ഡിഎഫ് സ്ഥാനാര്ത്ഥി എന്എസ് അര്ച്ചന വിജയിച്ചതോടെയാണ് ഭരണം പോയത്. 14 ാം വാര്ഡായ കല്പകയില് 98 വോട്ടിനാണ് അര്ച്ചനയുടെ വിജയം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന സന്ധ്യ നാരായണപിള്ള രാജി വെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് ഉണ്ടായത്. കോണ്ഗ്രസിലെ ഗ്രൂപ്പ് തര്ക്കമായിരുന്നു രാജിയില് കലാശിച്ചത്.

19 അംഗങ്ങളുണ്ടായിരുന്ന പഞ്ചായത്തില് കഴിഞ്ഞ തിരഞ്ഞെടുപ്പില് ഇരുമുന്നണികള്ക്കും ഒന്പത് സീറ്റായിരുന്നു ലഭിച്ചത്. തുടര്ന്ന് കോണ്ഗ്രസ് വിമതനായ സ്വതന്ത്രന് പ്രസിഡന്റ് സ്ഥാനം നല്കി യുഡിഎഫ് പഞ്ചായത്ത് ഭരിക്കുകയായിരുന്നു. അതിനിടെ വൈസ് പ്രസിഡന്റായ സന്ധ്യ നാരായണപിള്ള നേതൃത്വവുമായി കലഹിക്കുകയും രണ്ടര വര്ഷത്തിനിടെ വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിനിടെ പഞ്ചായത്തംഗത്വം രാജിവെക്കുകയുമായിരുന്നു. ഇതോടെ ഭരണം പ്രതിസന്ധിയിലായി. തുടര്ന്ന് നറുക്കെടുപ്പിലൂടെ എല്ഡിഎഫിന് ഭരണം ലഭിക്കുകയായിരുന്നു. അതിനിടെയാണ് ഉപതിരഞ്ഞെടുപ്പ് വരുന്നത്. മഹിളാ കോണ്ഗ്രസ് ബൂത്ത് പ്രസിഡന്റ് സ്വാതി ശിവനായിരുന്നു യുഡിഎഫ് സ്ഥാനാര്ത്ഥി.

To advertise here,contact us