കോഴിക്കോട്: വന്യജീവി ആക്രമണത്തെ തുടര്ന്ന് വയനാട്ടിലുണ്ടായ പ്രതിഷേധം സ്വാഭാവികമാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്. വന്യജീവി ആക്രമണത്തില് വനം വകുപ്പിനെയല്ലേ പ്രതികൂട്ടില് കയറ്റാനാകൂ. സ്വാഭാവിക പ്രതികരണമാണ്. പ്രതികരണങ്ങള് മനസ്സിലാക്കി ഫലപ്രദമായ നടപടി സ്വീകരിക്കുകയെന്നതാണ് സര്ക്കാര് ചെയ്യേണ്ടത്. മുഖ്യമന്ത്രി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ തലത്തിലുള്ളവരുടെയും യോഗം വിളിച്ച് ചില നിര്ദേശങ്ങള് മുന്നോട്ട് വെച്ചിരുന്നു. ഈ നിര്ദേശങ്ങള് വയനാട്ടിലെ ജനപ്രതിനിധികളുമായി ചര്ച്ച ചെയ്യുന്നതിനായി മൂന്നംഗ മന്ത്രിതല സമിതിയെ നിയോഗിച്ചതെന്ന് മന്ത്രി പറഞ്ഞു.
സമിതി പ്രശ്ന പരിഹാരത്തിനായി 20ാം തീയതി സ്ഥലം സന്ദര്ശിക്കും. അതിനിടയില് വനംവകുപ്പ് മന്ത്രി പ്രത്യേകമായി അവിടേക്ക് പോയി പറയാനൊന്നുമില്ല. കൂട്ടായെടുത്ത തീരുമാനം അവരെ അറിയിച്ച് അവരില് നിന്നും നിര്ദേശങ്ങള് സ്വീകരിച്ച് പരിഷ്കാരങ്ങള് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്വ്വകക്ഷി യോഗം, പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം എന്നിവ ചേരും. അവരിലൂടെയാണ് ഇതെല്ലാം നടപ്പിലാക്കുന്നത്. പശ്ചാത്തല സൗകര്യം ഒരുക്കി അവിടേക്ക് പോകുന്നതാണ് ഉചിതം. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോള് നടത്തി വരുന്നതെന്നും മന്ത്രി വിശദീകരിച്ചു.
വയനാട്ടില് വീണ്ടും കടുവ; കടുവയെക്കണ്ട് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു, യുവാവിന് പരിക്ക്
പ്രതിഷേധം ന്യായമാണ്. എന്നാല് അക്രമാസക്തമാവുമ്പോള് കൂടുതല് സങ്കീര്ണ്ണതകളിലേക്ക് പോകുമെന്നും മന്ത്രി വ്യക്തമാക്കി. തന്നെ തടയാന് പാടില്ലെന്ന് പറയാനാകില്ല. അത് പ്രതിഷേധത്തിന്റെ ഭാഗമാണ്. ഒരു മന്ത്രി മാത്രം വിചാരിച്ചാല് പ്രശ്നം തീരില്ല. കൂട്ടായ പ്രവര്ത്തനത്തിലൂടെ മാത്രമേ പ്രശ്ന പരിഹാരമാകൂവെന്നും മന്ത്രി പറഞ്ഞു.