ന്യൂഡല്ഹി: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതില് കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ ചര്ച്ച അവസാനിച്ചു. ചര്ച്ചയില് വിചാരിച്ച അത്ര മെച്ചം ഉണ്ടായില്ലെന്നും സെക്രട്ടറിതല ചര്ച്ച തുടരുമെന്നും ധനമന്ത്രി കെ എന് ബാലഗോപാല് പറഞ്ഞു.
കേസ് സുപ്രീംകോടതിയില് നില്ക്കുമ്പോള് എങ്ങനെ പ്രശ്നം പരിഹരിക്കും എന്നാണ് കേന്ദ്രത്തിന്റെ ചോദ്യം. ഉദ്യോഗസ്ഥ തലത്തിലാണ് ഇന്ന് ചര്ച്ച ഉണ്ടായത്. പ്രതീക്ഷിച്ച പോലെ ചര്ച്ച വിജയമായില്ല. അനുകൂല തീരുമാനവും ഉണ്ടായില്ല. കേരളം കേസ് കൊടുത്തതില് കേന്ദ്രത്തിന് അതൃപ്തിയുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
ചര്ച്ചയില് കേന്ദ്ര ധനമന്ത്രി നിര്മ്മല സീതാരാമന് പങ്കെടുത്തില്ല. കടമെടുപ്പ് പരിധിയിലെ നിയന്ത്രണം സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നുവെന്ന കേരളത്തിന്റെ ഹര്ജിയാണ് സമവായ ചര്ച്ചയക്ക് വാതില് തുറന്നത്. പിഎഫ് അടക്കാന് പോലും നിവൃത്തിയില്ലാത്ത തരത്തിലേക്ക് സാമ്പത്തിക പ്രതിസന്ധി നീങ്ങുകയാണെന്നും തിരഞ്ഞെടുപ്പ് വരുന്നതിനാല് അടിയന്തരമായി പ്രശ്നപരിഹാരമുണ്ടാകണമെന്നുമാണ് കേരളത്തിന്റെ വാദം. സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമായി അടിയന്തിരമായി കടമെടുക്കാന് അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.
റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ: ആറ്റിങ്ങൽ യുഡിഎഫ് നിലനിർത്തും
ധനമന്ത്രി കെ എന് ബാലഗോപാലിന്റെ നേതൃത്വത്തില് നാലംഗ സംഘമാണ് കേന്ദ്രവുമായി ചര്ച്ച നടത്തിയത്. കേരളത്തിന് ഇളവ് അനുവദിച്ചാല് മറ്റ് പ്രതിപക്ഷ സംസ്ഥാനങ്ങളും ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമോയെന്ന് കേന്ദ്രത്തിന് ആശങ്കയുണ്ട്. കേരളത്തിന്റെ ഹര്ജി സുപ്രീം കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമ്പോള്, ചര്ച്ചയുടെ പുരോഗതി അറിയിക്കും.