'കേന്ദ്രവും കേരളവും കുറ്റക്കാര്, കള്ളന്മാര് തമ്മിലുള്ള ഒത്തുകളി'; പിഎംഎ സലാം

കടബാധ്യതയ്ക്ക് കേരളം ഇരയായത് സംസ്ഥാന സര്ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ദുര്ഭരണവും മൂലമാണ്

കാസര്കോട്: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രവും കേരളവും കുറ്റക്കാരാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പിഎംഎ സലാം. എന്നാല് കേന്ദ്രം കേരളത്തിന് അര്ഹമായത് നല്കുന്നില്ലെന്ന് പറഞ്ഞ പിഎംഎ സലാം വിവേചനപരമായി സംസ്ഥാനങ്ങളെ കാണാന് പാടില്ലെന്നും റിപ്പോര്ട്ടറിനോട് പ്രതികരിച്ചു.

കടബാധ്യതയ്ക്ക് കേരളം ഇരയായത് സംസ്ഥാന സര്ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ദുര്ഭരണവും മൂലമാണ്. കൊവിഡ് കാലത്ത് കഠിനമായ തീവെട്ടിക്കൊള്ള നടന്നു. കള്ളന്മാര് തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോടും ബിജെപി ഇതര സര്ക്കാരുകളോടും വ്യത്യസ്ത നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. വികസന ക്ഷേമ പദ്ധതികള് നല്കുന്നതില് കേന്ദ്രം വിവേചനം കാണിക്കുന്നുണ്ട്. കേരളത്തിനാവശ്യമായ സാഹചര്യങ്ങള് ഒരുക്കുന്നതിലും കേന്ദ്രം പരാജയമാണ്. രാഷ്ട്രീയ വിരോധമാകാം ഇതിന് പിന്നിലെ കാരണമെന്നും പിഎംഎ സലാം പറഞ്ഞു.

കേന്ദ്രനയങ്ങള്ക്കെതിരായ സംസ്ഥാന സരക്കാരിന്റെ ഡല്ഹി സമരം പുരോഗമിക്കുകയാണ്. ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും അടക്കമുള്ളവര് സമരത്തില് പങ്കെടത്തു. രാജ്യത്തിന്റെ ഫെഡറല് സംവിധാനം സംരക്ഷിക്കുന്നതിനുള്ള സമരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യക്തമാക്കി. അവകാശ ലംഘനത്തിന് എതിരാണ് ഈ സമരം. വിവിധ മേഖലകളില് കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരം കവരാന് ശ്രമിക്കുകയാണ്. ഇന്ത്യയുടെ ഫെഡറല് ഘടകങ്ങള് തകര്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്നും പിണറായി വിജയന് പറഞ്ഞു.

To advertise here,contact us