എക്സാലോജിക്: കേന്ദ്ര അന്വേഷണ ഏജൻസിയെ ആർക്കാണ് ഭയം? അന്വേഷണത്തിൽ യാതൊരു ആശങ്കയുമില്ല: എ കെ ബാലൻ

നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ കേന്ദ്രഗവൺമെന്റിന്റെ താൽപര്യ പ്രകാരം നടക്കുന്നതാണ് ഇപ്പോഴത്തെ എസ്എഫ്ഐഒ അന്വേഷണം.

icon
dot image

പാലക്കാട്: എക്സാലോജിക് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയെ ഭയമില്ലെന്നും അന്വേഷണത്തിൽ യാതൊരു ആശങ്കയുമില്ലെന്നും സിപിഐഎം നേതാവ് എ കെ ബാലൻ. ഈ കേസിൽ നീതിയുക്തമായ അന്വേഷണം നടന്നാൽ കുടുങ്ങാൻ പോകുന്നത് യുഡിഎഫ് നേതാക്കൾ ആയിരിക്കുമെന്നും എ കെ ബാലൻ പറഞ്ഞു. വീണാ വിജയന്റെ എക്സാലോജിക്കിന് എതിരെ ഉള്ള ആരോപണം വാങ്ങിയ കാശിനുള്ള സര്വീസ് നല്കിയില്ല എന്നാണ്. ഇതില് പണം നൽകിയ സിഎംആര്എല്ലിന് പരാതി ഇല്ല. അങ്ങനെ ഒരു കേസ് നിലവിൽ ഇല്ലെന്നും എ കെ ബാലന് പറഞ്ഞു.

ഇൻകം ടാക്സ് ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡില് കേസ് വന്ന സമയത്ത് ഇൻ്ററിം സെറ്റില്മെന്റ് ബോര്ഡ് പ്രോസിക്യൂഷന് നടപടികളില് നിന്ന് സിഎംആര്എല്ലിനെ ഒഴിവാക്കുകയായിരുന്നു. ഇപ്പോള് അന്വേഷിക്കുന്ന ഏജന്സികള് ഇൻ്ററിം സെറ്റില്മെന്റ് ബോര്ഡിന്റെ മുന്പാകെ അന്ന് ഒന്നും മിണ്ടാത്തത് എന്തുകൊണ്ടാണെന്ന് എ കെ ബാലൻ ചോദിച്ചു. ഏത് ഏജൻസി അന്വേഷിക്കുന്നതിലും ആര്ക്കും എതിര്പ്പില്ലെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു. നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ കേന്ദ്രഗവൺമെന്റിന്റെ താൽപര്യ പ്രകാരം നടക്കുന്നതാണ് ഇപ്പോഴത്തെ എസ്എഫ്ഐഒ അന്വേഷണം. അതിനാലാണ് അന്വേഷണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് എക്സാലോജിക് കര്ണ്ണാടക ഹൈക്കോടതിയെ സമീപിച്ചതെന്നും എ കെ ബാലൻ പറഞ്ഞു.

കമ്പനീസ് ആക്ട് 112 പ്രകാരം എസ്എഫ്ഐഒ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷോണ് ജോര്ജ് കേരള ഹൈക്കോടതിയില് ഒരു ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ അത്തരത്തിലൊരു അന്വേഷണം ഇപ്പോള് ആവശ്യമില്ലെന്നും 110 പ്രകാരം കമ്പനീസ് ആക്ടിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്നു മാത്രം പരിശോധിച്ചാല് മതി എന്നുമാണ് കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി പറഞ്ഞത്. ഇതിനെതിരെ 112 പ്രകാരം എസ്എഫ്ഐഒ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഷോണ് ജോര്ജ് സമര്പ്പിച്ച ഭേദഗതി ഹര്ജി ഹൈക്കോടതി ഈ വരുന്ന 12 -ാം തീയതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. ഇതിനെ മറികടന്നാണ് കേന്ദ്ര ഗവണ്മെന്റിന്റെ നിർദേശപ്രകാരം ഇപ്പോൾ നടക്കുന്ന എസ്എഫ്ഐഒ അന്വേഷണം. ഇതിനാണ് സ്റ്റേ ആവശ്യപ്പെട്ടതെന്നും എ കെ ബാലൻ വ്യക്തമാക്കി.

സിഎംആര്എല് വിവാദത്തില് എസ്എഫ്ഐഒ അന്വേഷണത്തിന് സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് കര്ണ്ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേന്ദ്രസര്ക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് കേസിലെ എതിര്കക്ഷികള്. ഇന്ന് രാവിലെയാണ് ഹര്ജി നല്കിയത്.

മാസപ്പടി വിവാദം; എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം, എക്സാലോജിക് കര്ണ്ണാടക ഹൈക്കോടതിയില്

To advertise here,contact us