തിരുവനന്തപുരം: മയക്കുമരുന്ന് കടത്തും വിതരണവും തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന നിർദേശവുമായി ഡിജിപി. മേഖല ഐ ജിമാർക്കും റേഞ്ച് ഡി ഐ ജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കുമാണ് സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദര്വേഷ് സാഹിബ് നിർദ്ദേശം നൽകിയത്. തുടർച്ചയായ പരിശോധനയും ബോധവത്കരണവും വേണമെന്നും നിർദേശത്തിലുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ക്രൈം റിവ്യൂ കോണ്ഫറന്സിലായിരുന്നു ഡിജിപി നിർദേശം നൽകിയത്. ജില്ലാ സ്പെഷ്യല് ബ്രാഞ്ചുകളുടെ പ്രവര്ത്തനം കാര്യക്ഷമമാക്കുമെന്നും നിർദേശത്തിൽ ഡിജിപി പറഞ്ഞു.
ക്രിമിനലുകളുമായും മറ്റു മാഫിയ സംഘങ്ങളുമായും ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിരീക്ഷിക്കും. ഇവര്ക്കെതിരെ സസ്പെന്ഷന് അടക്കമുള്ള കര്ശന നടപടികള് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തുന്നതിനും അക്രമം തടയുന്നതിനുമായി ജില്ലാ അതിര്ത്തികള് അടച്ചുള്ള പരിശോധനകള്ക്ക് ജില്ലാ പൊലീസ് മേധാവിമാര് നടപടി സ്വീകരികണം. ശരീരത്തില് ഘടിപ്പിച്ചും വാഹനങ്ങളില് സ്ഥാപിച്ചും പ്രവര്ത്തിക്കുന്ന ക്യാമറകളുടെ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിര്ദ്ദേശിച്ചു.
സൈബര് കേസ് അന്വേഷണത്തില് മാര്ഗനിര്ദേശമോ സംശയനിവാരണമോ ആവശ്യമുള്ള പൊലീസ് ഉദ്യോഗസ്ഥര്ക്ക് സൈബര് ഡിവിഷനില് പുതുതായി ആരംഭിച്ച ഇന്വെസ്റ്റിഗേഷന് ഹെല്പ്പ് ഡെസ്ക്കുകളെ ആശ്രയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞുകയറി കാട്ടുപന്നികൾ; വെടിവെച്ച് കൊന്നു