കൊച്ചി കോർപ്പറേഷനിൽ പ്രതിപക്ഷ പ്രതിഷേധം; ബജറ്റ് കീറിയെറിഞ്ഞ് യുഡിഎഫ്

ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചേരാതെ ബജറ്റ് അവതരിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം

കൊച്ചി: ബജറ്റ് അവതരണത്തിനിടെ കൊച്ചി കോർപ്പറേഷനിൽ പ്രതിപക്ഷ പ്രതിഷേധം. യുഡിഎഫ് അംഗങ്ങൾ ബജറ്റ് കീറിയെറിഞ്ഞു. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചേരാതെ ബജറ്റ് അവതരിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം. ഡെപ്യൂട്ടി മേയറെ പ്രതിപക്ഷം ശാരീരികമായി ആക്രമിച്ചുവെന്ന് മേയറും ആരോപിച്ചു.

ബജറ്റ് അവതരിപ്പിക്കാൻ കൗൺസിൽ ചേർന്നപ്പോൾ തന്നെ പ്ലക്കാർഡുകളുമായി പ്രതിപക്ഷം പ്രതിഷേധവും ആരംഭിച്ചു. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചേരാതെയുള്ള ബജറ്റ് അവതരണം അനുവദിക്കില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പക്ഷം. ഇതിനെ തുടർന്ന് കോർപ്പറേഷൻ സെക്രട്ടറി ബജറ്റ് മേശപ്പുറത്ത് വെച്ചു. മേയർ ആമുഖം വായിക്കാൻ തുടങ്ങിയതോടെ ബഹളമായി. ബജറ്റ് പ്രസംഗം നടത്താൻ ശ്രമിച്ച ഡെപ്യൂട്ടി മേയറെയും പ്രതിപക്ഷം തടസ്സപ്പെടുത്തി. ബജറ്റ് കീറിഎറിഞ്ഞു.

സിപിഐ കൗൺസിലർ കൂടിയായ ഡെപ്യൂട്ടി മേയർ കെ എ അൻസിയയാണ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ. സിപിഎം- സിപിഐ തർക്കമാണ് സ്റ്റാൻഡിങ് കമ്മിറ്റി ചേരാതിരിക്കാൻ കാരണമെന്നാണ് യുഡിഎഫിന്റെ ആരോപണം.

To advertise here,contact us