കോഴിക്കോട്: രാമക്ഷേത്ര വിവാദത്തിൽ അകപ്പെട്ട പാണക്കാട് സാദിഖലി തങ്ങൾക്ക് പ്രതിരോധം തീർത്ത് സമസ്ത യുവജനസംഘം നേതാവ് നാസർ ഫൈസി കൂടത്തായി. സംഘപരിവാർ അജണ്ടയ്ക്ക് ഇടം നൽകാതിരിക്കുകയാണ് ചെയ്തതെന്നും പാണക്കാട് കുടുംബം സ്വീകരിച്ച് പോരുന്ന പരമ്പരാഗത നിലപാടാണ് സാദിഖലി തങ്ങൾ പിന്തുടരുന്നതെന്നും നാസർ ഫൈസി പറഞ്ഞു. കെ ടി ജലീലും ഐഎൻഎല്ലും രൂക്ഷ വിമർശനം ഉയർത്തിയെങ്കിലും സമസ്തയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിരുന്നില്ല. സംഘപരിവാർ അജണ്ടയ്ക്ക് ഇടം നൽകാതിരിക്കുകയാണ് സാദിഖലി തങ്ങൾ ചെയ്തതെന്ന് സമസ്ത നാസർ ഫൈസി വ്യക്തമാക്കി. വിവാദത്തിനിടെയും സമസ്ത നേതാക്കളുടെ പിന്തുണ ലഭിച്ചത് സാദിഖലി തങ്ങൾക്ക് ആശ്വാസമായി.
ഒരു ഫാസിസത്തെ മറ്റൊരു ഫാസിസം വച്ച് എതിർക്കാനാകില്ലെന്ന് പാണക്കാട് സാദിഖലി തങ്ങൾ എസ്കെഎസ്എസ്എഫിൻ്റെ വേദിയിൽ ആവർത്തിച്ചു. മതേതരത്തെ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞ സാദിഖലി തങ്ങൾക്ക് ഭാരതരത്നം ലഭിക്കുമോയെന്ന കെ ടി ജലീലിൻ്റെ പരിഹാസത്തിന്, പോപ്പുലർ ഫ്രണ്ടിനെ ചൂണ്ടിയാണ് കോഴിക്കോട് ഇന്നലെ നടന്ന എസ്കെഎസ്എസ്എഫിൻ്റെ മഹാസമ്മേളനത്തിൽ ഉയർന്ന മറുപടി. തീവ്ര നിലപാട് സ്വീകരിച്ച് സമുദായത്തിനകത്ത് ഭിന്നിപ്പ് ഉണ്ടാക്കിയ പോപ്പുലർ ഫ്രണ്ടോ നേതാക്കളോ ഇപ്പോൾ എവിടെ എന്നായിരുന്നു ചോദ്യം. അയോദ്ധ്യ വിഷയത്തിൽ തുടക്കം മുതൽ സ്വീകരിച്ച നിലപാടുകളെ സാധൂകരിക്കുന്നത് കൂടിയാണിത്.
എന്നാൽ ലീഗ് നേതൃത്വം സാദിഖലി തങ്ങൾക്ക് പിന്തുണ നൽകിയിരിക്കുകയാണ്. രാമക്ഷേത്ര പ്രസ്താവനയിൽ വിവാദത്തിലായ പാണക്കാട് സാദിഖലി തങ്ങൾ ബഹുസ്വരതയെ തകർക്കുന്ന സംഘപരിവാർ അജണ്ടയെ തുറന്നുകാട്ടിയാണ് പ്രതിരോധിക്കുന്നതെന്നും പാണക്കാട് കുടുംബം എന്നും സ്വീകരിച്ച നിലപാടുകളുടെ തുടർച്ചയാണ് സാദിഖലി തങ്ങളുടെതെന്നുമാണ് ലീഗ് നിലപാട്.
ഒരു ആരാധനാലയത്തിൽ അവർ പുണ്യമായി കരുതുന്ന ആരാധന നടക്കണം,മറ്റ് പൂജകളോ ആരാധനയോ നിയമപരമല്ല;സാദിഖലി തങ്ങൾ
അയോധ്യ രാമക്ഷേത്ര വിഷയത്തിൽ ക്ഷേത്ര നിർമ്മാണത്തിനെതിരെ പ്രതിഷേധിക്കേണ്ടതില്ലെന്ന സാദിഖലി തങ്ങളുടെ പ്രസംഗമാണ് വിവാദത്തിലായത്. രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിൻ്റെ ആവശ്യമാണെന്നും ബഹുസ്വര സമൂഹത്തിൽ അത് അംഗീകരിക്കപ്പെടേണ്ടതാണെന്നുമായിരുന്നു മലപ്പുറത്തെ ഒരു വേദിയിൽ സാദിഖലി തങ്ങൾ പ്രസംഗിച്ചത്.
അയോധ്യയിലെ രാമക്ഷേത്രവും മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തും. കോടതി വിധിയനുസരിച്ച് നിർമ്മിച്ചതാണ് രാമക്ഷേത്രം. കോടതി വിധിയനുസരിച്ച് നിർമ്മിക്കാനിരിക്കുന്നതാണ് മസ്ജിദ്. ഇത് രണ്ടും ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ്. ബാബറി മസ്ജിദ് തകർത്തതിൽ അന്ന് പ്രതിഷേധമുണ്ടായിരുന്നു. അന്ന് സഹിഷ്ണുതയോടെ സമുദായം പ്രതികരിച്ചു എന്നും സാദിഖലി തങ്ങൾ പറഞ്ഞിരുന്നു.