അയോധ്യ പ്രാണപ്രതിഷ്ഠ ദിനത്തിലെ സംഘർഷം: കോഴിക്കോട് എൻഐടി വിദ്യാർത്ഥിക്ക് സസ്പെൻഷൻ

എബിവിപി പ്രവർത്തകർക്കെതിരെ 'ഇന്ത്യ രാമരാജ്യമല്ല' എന്ന പ്ലക്കാർഡ് ഉയർത്തി വൈശാഖ് പ്രതിഷേധിച്ചിരുന്നു

കോഴിക്കോട്: അയോധ്യ പ്രാണപ്രതിഷ്ഠ ദിനത്തിലെ സംഘർഷത്തിൽ കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥിക്ക് ഒരു വർഷത്തേക്ക് സസ്പെൻഷൻ. ബിടെക് വിദ്യാർത്ഥി വൈശാഖ് പ്രേംകുമാറിനെയാണ് 2025 ജനുവരി 30 വരെ സസ്പെൻ്റ് ചെയ്തത്. പ്രാണപ്രതിഷ്ഠയെ അനുകൂലിച്ച എബിവിപി പ്രവർത്തകർക്കെതിരെ 'ഇന്ത്യ രാമരാജ്യമല്ല' എന്ന പ്ലക്കാർഡ് ഉയർത്തി വൈശാഖ് പ്രതിഷേധിച്ചിരുന്നു. തുടർന്ന് ക്യാമ്പസിൽ സംഘർഷം ഉണ്ടാവുകയും തത്വ, രാഗം ഫെസ്റ്റിവലുകൾ മാറ്റി വെക്കുകയും ചെയ്തിരുന്നു.

കോഴിക്കോട് എൻഐടിയിൽ സംഘർഷം; ഫെസ്റ്റിവലുകൾ മാറ്റി

അയോധ്യാ ക്ഷേത്ര പ്രതിഷ്ഠാ ദിനം ഉത്തർപ്രദേശിൽ നിന്നുള്ള വിദ്യാർത്ഥികൾ എബിവിപി പ്രവർത്തകരുടെ നേതൃത്വത്തിൽ ക്യാമ്പസിൽ ഫ്ലക്സ് സ്ഥാപിച്ചിരുന്നു. ഇതിനെതിരെ മലയാളി വിദ്യാർത്ഥി പ്ലക്കാർഡ് പിടിച്ച് പ്രതിഷേധിക്കാൻ ശ്രമിച്ചപ്പോൾ എബിവിപി പ്രവർത്തകർ മർദ്ദിച്ചിരുന്നു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. പിന്നാലെ സമുദായത്തെയും വിശ്വാസത്തെയും ബാധിക്കുന്ന പ്രശ്നങ്ങൾ ക്യാമ്പസിൽ ഉണ്ടായതായും ഫെസ്റ്റുകൾ മാറ്റുന്നതായും രജിസ്ട്രാർ ഉത്തരവിറക്കുകയായിരുന്നു.

To advertise here,contact us