'ആവശ്യങ്ങൾ പരിഹരിക്കണം'; എൻഡോസൾഫാൻ ദുരിതബാധിതർ അനിശ്ചിതകാല സമരത്തിലേക്ക്

'സൗജന്യമായി കിട്ടിയിരുന്ന മരുന്നുകൾ സർക്കാർ പണം നൽകാത്തത് കാരണം ഇപ്പോൾ ലഭിക്കുന്നില്ല'

കാസര്കോട്: എൻഡോസൾഫാൻ ദുരിതബാധിതർ അനിശ്ചിതകാല സമരത്തിലേക്ക്. കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ നാളെ മുതലാണ് സമരം. ദുരിതബാധിതരെ പട്ടികയിൽ ഉൾപ്പെടുത്തുക, മരുന്നുകൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 2017ലെ മെഡിക്കൽ ക്യാമ്പിന് ശേഷം എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും പിന്നീട് കാരണമില്ലാതെ ഒഴിവാക്കുകയും ചെയ്ത 1031 പേരെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തുക എന്നതാണ് പ്രധാനപ്പെട്ട ആവശ്യം.

നിലവിൽ വിദഗ്ധ ചികിത്സയ്ക്ക് കർണാടകയെ ആശ്രയിക്കുന്ന ദുരിതബാധിതർക്ക് കേരളത്തിൽ തന്നെ മികച്ച ചികിത്സ ഒരുക്കണം, സൗജന്യ മരുന്ന് ലഭ്യമാക്കണം, എൻഡോസൾഫാൻ സെൽ അടിയന്തരമായി യോഗം ചേരണം തുടങ്ങിയവയും സമര ആവശ്യത്തിലുണ്ട്. സൗജന്യമായി കിട്ടിയിരുന്ന മരുന്നുകൾ സർക്കാർ പണം നൽകാത്തത് കാരണം ഇപ്പോൾ ലഭിക്കുന്നില്ല. ആയിരങ്ങൾ വലിയ വില വരുന്ന മരുന്ന് സ്ഥിരമായി വാങ്ങേണ്ടി വരുന്നത് സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങൾക്ക് തിരിച്ചടിയാണ്. പല ദുരിതബാധിതരുടെയും ചികിത്സയും മുടങ്ങിയിട്ടുണ്ട്.

'പെന്ഷന് മുടക്കി സര്ക്കാര്', അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

മന്ത്രി മുഹമ്മദ് റിയാസാണ് എൻഡോസൾഫാൻ സെല്ലിന്റെ ചെയർമാൻ. മുഹമ്മദ് റിയാസ് ചെയർമാനായ ശേഷം ഒരേയൊരു തവണ മാത്രമാണ് യോഗം ചേർന്നിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഈ യോഗം. ഇതോടെ മെഡിക്കൽ പരിശോധനകൾ, ക്യാമ്പുകൾ ഇവയെല്ലാം മുടങ്ങി. പലതവണ ഈ ആവശ്യം ഉന്നയിച്ചെങ്കിലും ഇതുവരെ അനുകൂല നിലപാട് ഉണ്ടായിട്ടില്ല. ഇതേ തുടര്ന്നാണ് രോഗബാധിതരെയും കുടുംബങ്ങളെയും ഉൾപ്പെടുത്തി അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നത്.

To advertise here,contact us