ജോണി നെല്ലൂരിനെ സ്വാഗതം ചെയ്യുന്നു; അസ്വസ്ഥരായ പലരും മറുവശത്തുണ്ടെന്ന് ജോസ് കെ മാണി

'സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുമ്പോൾ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നില്ല'

കോട്ടയം: കേരള കോൺഗ്രസ് എമ്മിലേക്ക് തിരിച്ചുവരുന്ന ജോണി നെല്ലൂരിനെ സ്വാഗതം ചെയ്ത് ജോസ് കെ മാണി. അദ്ദേഹത്തിന്റെ വരവ് പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് ജോസ് കെ മാണി പറഞ്ഞു. ജോണി ഇടതുപക്ഷത്തിൻ്റെ ഭാഗമാകുന്നത് ജോസഫ് വിഭാഗത്തിനുള്ള സന്ദേശമാണ്. അസ്വസ്ഥരായ പലരും മറുവശത്തുണ്ട്. അവർ പലരും തങ്ങളെ സമീപിച്ചു. കേരളാ കോൺഗ്രസ് എമ്മിൻ്റെ ഭാഗമാകാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി.

പാലായിലെ വസതിയിൽ വെച്ച് ജോണി നെല്ലൂരുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് മുമ്പാണ് ജോസ് കെ മാണിയുടെ പ്രതികരണം. ജോണി നെല്ലൂരിൻ്റെ പാർട്ടി പ്രവേശനമാണ് ചർച്ച. കേരളാ കോൺഗ്രസ് എമ്മിലേക്ക് മടങ്ങാൻ ജോണി നെല്ലൂർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മാതൃ സംഘടനയിലേക്ക് മടങ്ങാനാണ് ആഗ്രഹം. സംസ്ഥാനത്ത് സംഘടനാപരമായി അടിവേരുകൾ ഉള്ള രാഷ്ട്രീയ പാർട്ടിയാണ് കേരളാ കോൺഗ്രസ് എം. കേരളാ കോൺഗ്രസ് എം നേതൃത്വത്തെ ആഗ്രഹം അറിയിക്കുമെന്നും ജോണി നെല്ലൂർ പറഞ്ഞിരുന്നു.

കടുത്ത അവഗണനയിലാണ് യുഡിഎഫ് വിട്ടത്. യുഡിഎഫിൽ നിന്ന് നിരവധി അപമാനങ്ങൾ നേരിട്ടു. മാനസിക ബുദ്ധിമുട്ടിലായിരുന്നു അന്ന് രാജി പ്രഖ്യാപിച്ചത്. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുമ്പോൾ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നില്ല. ലക്ഷ്യം കർഷക താത്പര്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ക്രൈസ്തവ-ന്യൂനപക്ഷ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുമെന്നും ജോണി നെല്ലൂർ വ്യക്തമാക്കി.

സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു, തിരിച്ചുവരവിൽ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നില്ല: ജോണി നെല്ലൂർ

കോൺഗ്രസും യുഡിഎഫും സഭാവിശ്വാസികളെ അവഗണിക്കുകയാണ്. അർഹമായ നേതൃസ്ഥാനങ്ങൾ സഭാവിശ്വാസികൾക്ക് നൽകുന്നില്ല. ഈ പരിഭവം സഭാ നേതൃത്വത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിയെ യുഡിഎഫ് പുറത്താക്കിയത് ശരിയല്ല. തീരുമാനം അപക്വമായിരുന്നുവെന്ന് പിന്നീട് ബോധ്യമായി. നാല് മാസം കഴിഞ്ഞാണ് ജോസ് വിഭാഗം എൽഡിഎഫിൽ എത്തിയത്. അതിനിടെ അനുനയിപ്പിക്കാൻ യുഡിഎഫ് നേതൃത്വം തയ്യാറായില്ല.

To advertise here,contact us