'നീതി ആയോഗ് സിഇഓയുടെ വെളിപ്പെടുത്തല് ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവും'; കെ എന് ബാലഗോപാല്

കേരളം വര്ഷങ്ങളായി കേന്ദ്ര സര്ക്കാരിനെതിരെ ഉന്നയിക്കുന്ന ധനകാര്യ വിഷയങ്ങള് ശരിയാണെന്ന് തെളിയിക്കുന്നതാണ് ബിവിആര് സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തലെന്നും ബാലഗോപാല് പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനങ്ങള്ക്ക് അര്ഹതപ്പെട്ട ഫണ്ട് വെട്ടിക്കുറയ്ക്കാന് കേന്ദ്ര സര്ക്കാര് രഹസ്യനീക്കം നടത്തിയെന്ന നീതി ആയോഗ് സിഇഒയുടെ വെളിപ്പെടുത്തല് വാര്ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് ധനമന്ത്രി കെ എന് ബാലഗോപാല്. ഇത് ആശങ്ക ഉയര്ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങള് വെട്ടിക്കുറയ്ക്കാന് രഹസ്യനീക്കം നടത്തിയതെന്ന് കേന്ദ്ര സര്ക്കാരിന്റെ ഉന്നത സ്ഥാനത്തുള്ള ആളാണ് വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര നികുതി വിഹിതത്തില് 42 ശതമാനം സംസ്ഥാനങ്ങള്ക്ക് നല്കണമെന്ന നിര്ദേശത്തിനു പകരം അത് 32 ശതമാനമായി കുറയ്ക്കണമെന്ന് നിര്ബന്ധം പിടിച്ചുവെന്ന വെളിപ്പെടുത്തല് ആശങ്ക ഉയര്ത്തുന്നു. കേരളം വര്ഷങ്ങളായി കേന്ദ്ര സര്ക്കാരിനെതിരെ ഉന്നയിക്കുന്ന ധനകാര്യ വിഷയങ്ങള് ശരിയാണെന്ന് തെളിയിക്കുന്നതാണ് ബിവിആര് സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തലെന്നും ബാലഗോപാല് പറഞ്ഞു.

സംസ്ഥാനങ്ങള്ക്കുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കാന് പ്രധാനമന്ത്രി നരേന്ദ്രമോദി രഹസ്യമായി ഇടപെട്ടുവെന്നാണ് നീതി ആയോഗ് സിഇഒ ബിവിആര് സുബ്രഹ്മണ്യന് പറഞ്ഞത്. നരേന്ദ്രമോദി നേരിട്ട് ധനകാര്യ കമ്മീഷനില് സമ്മര്ദ്ദം ചെലുത്തി. പ്രധാനമന്ത്രിയുടെ ഓഫീസില് ജോയിന്റ് സെക്രട്ടറിയായിരിക്കെയാണ് ഇതിന് ചുക്കാന് പിടിച്ചതെന്നും ബിവിആര് സുബ്രഹ്മണ്യന് പറഞ്ഞു. ഫിനാന്സിങ് റിപ്പോര്ട്ടിങ് ഇന് ഇന്ത്യ' എന്ന സെമിനാറിലായിരുന്നു നീതി ആയോഗ് സിഇഒ ബിവിആര് സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തല്. 2014ല് അധികാരത്തിലെത്തിയതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ ഇടപെടല്. നികുതി വിഹിതത്തില് സ്വതന്ത്ര തീരുമാനം എടുക്കാനുള്ള അധികാരം ധനകാര്യ കമ്മിഷനുണ്ട്. എന്നാല് ഇത് മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി ആയിരിക്കെ താന് ഇതിന് ഇടനിലക്കാരനായി. 42 ശതമാനം കേന്ദ്ര നികുതി വിഹിതം നല്കണമെന്നായിരുന്നു ധനകാര്യ കമ്മിഷന്റെ ശുപാര്ശ. ഇത് 33 ശതമാനമായി വെട്ടി കുറച്ചുവെന്ന് ബിവിആര് സുബ്രഹ്മണ്യന് പറഞ്ഞു.

ധനകാര്യ കമ്മിഷന്റെ നികുതി വിഹിതം സംബന്ധിച്ച ശുപാര്ശകളെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു പാര്ലമെന്റില് പറഞ്ഞത്. എന്നാല് സത്യത്തെ മറച്ചുപിടിക്കാനുള്ള ആവരണങ്ങളാക്കി ബജറ്റിനെ മാറ്റി. ക്ഷേമ പദ്ധതികള്ക്കുള്ള പണവും കേന്ദ്ര സര്ക്കാര് ആദ്യ ബജറ്റില്ത്തന്നെ വെട്ടിക്കുറച്ചു എന്നും നീതി ആയോഗ് സിഇഒ വെളിപ്പെടുത്തി. നികുതി വിഹിതം വെട്ടിക്കുറച്ചതില് കേരളം ഉള്പ്പടെയുള്ള സംസ്ഥാനങ്ങള് നിരന്തരം രംഗത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബിവിആര് സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തല്. അധികാര കേന്ദ്രീകരണവും സമ്പൂര്ണ്ണ നിയന്ത്രണവുമാണ് സംഭവിക്കുന്നതെന്നായിരുന്നു കോണ്ഗ്രസിന്റെ കുറ്റപ്പെടുത്തല്. ഇത് ഇന്ത്യയുടെ ഫെഡറലിസത്തെ തകര്ക്കാനുള്ള ശ്രമമാണെന്നും കോണ്ഗ്രസ് വക്താവ് ജയറാം രമേശ് പ്രതികരിച്ചു.

To advertise here,contact us