കൊച്ചി: കിഫ്ബി മസാലബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇ ഡി ക്ക് മുന്നിൽ ഹാജരാകില്ല. സിപിഐഎം സെക്രട്ടറിയേറ്റിൽ പങ്കെടുക്കേണ്ടതിനാൽ ഇന്ന് ഹാജരാകാനാകില്ല എന്ന് തോമസ് ഐസക് ഇ ഡിയെ അറിയിക്കുകയായിരുന്നു. മസാല ബോണ്ട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഈ മാസം ഒന്നിനാണ് ഇ ഡി തോമസ് ഐസക്കിന് വീണ്ടും നോട്ടീസ് നൽകിയത്. ഇന്ന് രാവിലെ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ നേരിട്ട് ഹാജരാകാനായിരുന്നു നോട്ടീസ്.
സമൻസ് ചോദ്യം ചെയ്ത് ഐസക് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നേരത്തേ നൽകിയ നോട്ടീസ് ഇ ഡി പിൻവലിച്ചിരുന്നു. വ്യക്തിഗതവിവരങ്ങൾ ചോദിച്ച് ഇ ഡി ബുദ്ധിമുട്ടിക്കുന്നു എന്ന തോമസ് ഐസക്കിന്റെ ഹർജിയിലായിരുന്നു നോട്ടീസ് അയക്കുന്നത് വിലക്കിയത്. എന്നാൽ അന്വേഷണം തുടരാൻ തടസമില്ലെന്നും പുതിയ നോട്ടീസ് ഇ ഡിക്ക് അയയ്ക്കാം എന്നും ഹൈക്കോടതി ഈ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് വീണ്ടും നോട്ടീസ് നൽകിയത്. തോമസ് ഐസക്കിനെ ചോദ്യം ചെയ്യാതെ കേസിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ ആകില്ല എന്നതാണ് ഇ ഡി നിലപാട്.
നേരത്തെ മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് തെളിവുകളില്ലെന്ന് ഹൈക്കോടതി സിംഗിള് ബെഞ്ച് വിധിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ കിഫ്ബി മസാല ബോണ്ട് കേസില് പുതിയ സമന്സ് നല്കുമെന്ന് ഇ ഡി വ്യക്തമാക്കി. കിഫ്ബി നിയമം ലംഘിച്ചെന്നും ഇ ഡി പറഞ്ഞിരുന്നു. കിഫ്ബിക്കെതിരെ തെളിവുണ്ടെന്ന് ആവര്ത്തിക്കുന്ന നിലപാടായിരുന്നു ഹൈക്കോടതി വിധിക്ക് ശേഷവും ഇഡി സ്വീകരിച്ചിരുന്നത്. തെളിവിന്റെ അടിസ്ഥാനത്തില് പുതിയ സമന്സ് നല്കും, ഹൈക്കോടതി ഉത്തരവ് ലഭിച്ച ശേഷം തുടര്നടപടി സ്വീകരിക്കുമെന്നായിരുന്നു ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു മുൻ മന്ത്രി തോമസ് ഐസക്കിന് ഇഡി ഇപ്പോൾ സമൻസ് അയച്ചിരിക്കുന്നത്.
തെളിവുകളുണ്ടോയെന്നും ഇല്ലെങ്കിൽ അന്വേഷണം നടത്താനാവില്ലെന്നും തെളിവുകളുണ്ടെങ്കില് അന്വേഷണം ആകാമെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. തോമസ് ഐസക്കിൻ്റെയും കിഫ്ബിയുടെയും വാദം പരിഗണിച്ച് ഇ ഡി സമന്സ് നിലനില്ക്കില്ലെന്നും സിംഗിള് ബെഞ്ച് ഉത്തരവില് വ്യക്തമാക്കിയിരുന്നു. ഇ ഡിക്ക് അനാവശ്യ അന്വേഷണം നടത്താനാവില്ലെന്നും കോടതി പറഞ്ഞു. ഇഡി സമൻസിനെതിരെ മുന് ധനകാര്യമന്ത്രി തോമസ് ഐസക് നൽകിയ ഹര്ജിയിലായിരുന്നു ദേവന് രാമചന്ദ്രന് അധ്യക്ഷനായ സിംഗിള് ബെഞ്ചിന്റെ വിധി. ഇതിന് പിന്നാലെ എല്ലാ സമന്സുകളും പിന്വലിക്കുന്നതായി ഇഡി കോടതിയില് അറിയിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുന്നത് ഒഴിവാക്കിയുള്ള പുതിയ നോട്ടീസ് ഇ ഡി നൽകിയിരിക്കുന്നത്.